Join News @ Iritty Whats App Group

വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷം; പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടുന്നു; വാഹനങ്ങള്‍ തകര്‍ത്തു



വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് പണിയുന്ന തുറമുഖത്തിനെതിരെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം. തുറമുഖ നിര്‍മാണത്തിനെതിരെ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്കെതിരെ നാട്ടുകാര്‍ സംഘടിച്ച് എത്തുകയായിരുന്നു. സമരത്തിന്റെ പേരില്‍ തീരദേശ മേഖല രണ്ടു ചേരിയായി തിരിഞ്ഞാണ് സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. പ്രതിഷേധക്കാര്‍ ചേരി തിരിഞ്ഞ് കല്ലെറിഞ്ഞത് പലര്‍ക്കും പരിക്കേല്‍ക്കുന്നതിന് കാരണമായിട്ടുണ്ട്. വളരെ വലിയൊരു സംഘര്‍ഷമാണ് വഴിഞ്ഞത് നടക്കുന്നത്.

സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് ഇന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്് അറിയിച്ചിരുന്നു. അദാനിക്ക് അനുകൂലമായി പദ്ധതി അനുകൂലികള്‍ സമരസ്ഥലത്തേക്ക് എത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. നിര്‍മ്മാണ സാമഗ്രികളുമായി എത്തിയ വാഹനങ്ങള്‍ വിഴിഞ്ഞത്തിന്റെ പല ഭാഗത്തും തടഞ്ഞിട്ടിരിക്കുകയാണ്.

തുറമുഖ നിര്‍മ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതോടെ ഇന്നു രാവിലെ തന്നെ സമരം നടത്തിയ മത്സ്യത്തൊഴിലാളികള്‍പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തി. വാഹനങ്ങള്‍ കടത്തിവിടില്ലെന്ന നിലപാടിലാണ് സമര സമിതി എടുത്ത്. വാഹനങ്ങള്‍ക്ക് മുന്നില്‍ കിടന്ന് കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അനുനയിപ്പിച്ച് നീക്കി. അതിനിടെ സ്ഥലത്തേക്ക് തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ കൂടുതല്‍ സംഘര്‍ഷാവസ്ഥയുണ്ടായി. ചേരി തിരിഞ്ഞ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ അനുനയിപ്പിക്കാന്‍ പൊലീസ് ബുദ്ധിമുട്ടി. അതിനിടെ പ്രതിഷേധക്കാരില്‍ ചിലര്‍ കല്ലേറും ആരംഭിക്കുകയായിരുന്നു. നിര്‍മ്മാണ സാമഗ്രികളുമായെത്തിയ വാഹനങ്ങളുടെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു.

പൊലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിര്‍മാണ പ്രവര്‍ത്തനം തടസപ്പെടുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും നിര്‍മ്മാണ പ്രവത്തികള്‍ ആരംഭിക്കുമെന്ന് സര്‍ക്കാരിനെ കമ്പനി അറിയിച്ചത്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഗൗതം അദാനി കമ്പനി നേരത്തെ രംഗത്തെത്തിയിരുന്നു. പൊലീസ് സംരക്ഷണം നല്‍കാനുള്ള കോടതി ഉത്തരവിന് സര്‍ക്കാര്‍ പുല്ലുവിലയാണ് നല്‍കുന്നത് എന്ന് അദാനി വിമര്‍ശിച്ചു. ഇപ്പോഴും നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുകയാണ്. രണ്ടര മാസം ആയിട്ടും ഒരു മാറ്റവും ഇല്ലെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ ബന്ധനസ്ഥരാക്കി വിലപേശാന്‍ കഴിയില്ലെന്ന് സമരക്കാരോട് കോടതി വ്യക്തമാക്കി. അത്തരം മാര്‍ഗ തടസ്സം അനുവദിക്കാന്‍ ആവില്ല. രാഷ്ട്രീയം കളിയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കോടതി നിലപാടെടുത്തു. ചര്‍ച്ച തുടരുകയാണെന്നു സമരക്കാര്‍ പറഞ്ഞു. ചര്‍ച്ച നല്ലതാണെന്നും എന്നാല്‍ ക്രമസമാധാനം ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സമരപ്പന്തല്‍ സമരക്കാര്‍ മാറ്റിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സമരപ്പന്തല്‍ പൊളിക്കാനും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സുരക്ഷ ഒരുക്കാനും കോടതി സര്‍ക്കാരിന് വീണ്ടും നിര്‍ദ്ദേശം നല്‍കി. ഇത് രണ്ടും ചെയ്ത് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. കേന്ദ്ര സേന ആവശ്യമെങ്കില്‍ 2017 ലെ ഓഫീസ് മെമ്മോറാണ്ടം അനുസരിച്ച് അപേക്ഷ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group