Join News @ Iritty Whats App Group

'അഴിമതിയില്ല;പരിഗണന നല്‍കിയത് ജനങ്ങളുടെ ജീവന്' PPE കിറ്റ് വാങ്ങിയതിൽ വിശദീകരണവുമായി കെ കെ ശൈലജ

കുവൈറ്റ്: കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നുവെന്ന ലോകായുക്തയുടെ നോട്ടീസിൽ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. അടിയന്തര സാഹചര്യമായതിനാലാണെന്നും പിപിഇ കിറ്റ് കിട്ടാനില്ലാത്തതിനാലുമാണ് അന്ന് ഉയർന്ന വിലയിൽ വാങ്ങേണ്ടി വന്നതെന്ന് കെകെ ശൈലജ പറഞ്ഞു. കല കുവൈത്തിന്റെ ''മാനവീയം 2022''പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെകെ ശൈലജ.
ജനങ്ങളുടെ ജീവനാണ് പരിഗണന നൽകിയതെന്നും കോവിഡ് പർച്ചേസില്‍ അഴിമതി നടന്നിട്ടില്ലെന്നും കെകെ ശൈലജ പറഞ്ഞു. വില കൂടുതലായതിനാൽ മുഖ്യമന്ത്രിയോട് പിപിഇ കിറ്റ് വാങ്ങണോയെന്ന് ചോദിച്ചതായും പൈസയൊന്നും നോക്കണ്ട ആളുകളുടെ ജീവനല്ലേ വലുത് എന്നായിരുന്നു മറുപടിയെന്നും കെകെ ശൈലജ പറയുന്നു.

50,000 രൂപയുടെ പിപിഇ കിറ്റിന് ഓർഡർ നൽകി. 15,000 കിട്ടിയപ്പോൾ മാർ‌ക്കറ്റിൽ വിലകുറഞ്ഞു. പിന്നാലെ ഓർഡർ നല്‍കിയതിൽ നിന്ന് 35,000 കാൻസൽ ചെയ്തെന്നും ബാക്കി പിപിഇ കിറ്റ് കുറഞ്ഞ വിലയ്ക്കാണ് വാങ്ങിയതെന്നും ശൈലജ വ്യക്തമാക്കി. കാര്യങ്ങൾ ലോകായുക്തയെ ബോധ്യപ്പെടുത്തുമെന്ന് അവർ പറഞ്ഞു.

മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ, കെഎംസിഎൽ ജനറൽ മാനേജർ ഡോക്ടർ ദിലീപ് അടക്കമുള്ളവർക്കായിരുന്നു പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നുവെന്ന പരാതിയിൽ ലോകായുക്ത നോട്ടീസ് അയച്ചത്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദേശം.

യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരുടെ പരാതിയിലാണ് നടപടി. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്കാണ് വാങ്ങിയതെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വീണ ലോകായുക്തയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group