Join News @ Iritty Whats App Group

കോടിയേരിയെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റ്; സർക്കാർ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു

കൊല്ലം: അന്തരിച്ച കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക് സന്തോഷ് രവീന്ദ്രൻപിള്ളയ്ക്ക് എതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തത്. 'ഒരു പട്ടി ചത്തു. ഒരെണ്ണം കൂടി ചാവാനുണ്ട്' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പില്‍ അധിക്ഷേപകരമായ പോസ്റ്റിട്ട പൊലീസുകാരനെ സസ്പെൻഡ് ചെയ്തിരുന്നു. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ഉറൂബിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ജി സ്പർജൻകുമാർ സസ്പെൻഡ് ചെയ്തത്. പൊതുജനമധ്യത്തിൽ പൊലീസിനെ താറടിക്കുന്നതാണെന്നും പോസ്റ്റെന്നും സർവീസ് ചട്ട ലംഘനമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനായിരുന്നു ഉറൂബ്. വാട്സ് ആപ്പ് ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്. സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഉറൂബിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകിയത്.

പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. 'എൽവിഎച്ച്എസ് പിടിഎ 2021-22' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് കുറിപ്പിട്ടത്. പിന്നീട് പൊലീസുകാരനെതിരെ പരിശോധിച്ച് നടപടിയെടുക്കാമെന്ന ഉറപ്പിനെ തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിച്ച് പ്രവർത്തകർ മടങ്ങി.

Post a Comment

أحدث أقدم
Join Our Whats App Group