Join News @ Iritty Whats App Group

ഇരിട്ടി കീഴൂരിൽ ചതുപ്പുനിലം മണ്ണിട്ടു നിക്കത്താനുള്ള നീക്കം : മണ്ണ് മാന്തി യന്ത്രവും ടിപ്പർ ലോറിയും പിടികൂടി പോലീസ്


ഇരിട്ടി:  കീഴൂരിൽ ഹൈവേയോട് ചേർന്ന് ചതുപ്പു നിലം മണ്ണിട്ട് നികത്താനുള്ള നീക്കം പോലീസ് തടഞ്ഞു. മണ്ണുമായി എത്തിയ ലോറിയും മണ്ണ് മാന്തിയന്ത്രവും പോലീസ് പിടികൂടി.  വേനൽക്കാലത്ത് പോലും നീരൊഴുക്ക് ഉള്ള ചതുപ്പ് നിലമാണ് മണ്ണിട്ട് നികത്താനുള്ള  ശ്രമം നടക്കുന്നത്. വർഷങ്ങൾക്ക് മുൻമ്പ് നെൽ വയലായിരുന്ന പ്രദേശം കുറെ കാലമായി തരിശായി ഇട്ടിരിക്കുകയായിരുന്നു. മുൻപും ഈ സ്ഥലം മണ്ണിട്ട് നികത്താനുള്ള ശ്രമം നടന്നിരുന്നു. നിരവധി ലോഡ് മണ്ണ് സ്ഥലത്ത് കൊണ്ടുപോയിട്ടെങ്കിലും അന്ന് തഹസിൽദാർ അടക്കമുള്ള  റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ  സ്ഥലത്തെത്തി തടയുകയായിരുന്നു. ഇവിടെ എത്തിച്ച മണ്ണ് മുഴുവൻ കോരിമാറ്റണമെന്ന് അന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും ഇവ മുഴുവൻ ഇവിടെത്തന്നെ തട്ടി നിരത്തുകയായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. 
 മഴക്കാലത്ത് കീഴൂർ, കൂളിച്ചെമ്പ്ര, ഹൈസ്‌കൂൾ മേഖലയിലെ കുന്നുകളിൽ പെയ്യുന്ന മഴയുടെ വെള്ളം മുഴുവൻ  ഒഴുകി വരുന്നതും ഒഴുകിപ്പോകുന്നതും ഈ ചതുപ്പ് നിലത്തിന്  സമീപത്തെ തോട്ടിൽ കൂടിയാണ്. പ്രദേശം ചെറിയ വിലയ്ക്ക് വാങ്ങി മണ്ണിട്ടു നികത്തി ഹൈവേയോട് ചേർന്ന ഭാഗമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് നിഗമനം.  ഇതിന് പിന്നാലെയാണ് വീണ്ടും മണ്ണിടാനുള്ള ശ്രമം തുടങ്ങിയത്. പത്ത് പതിനഞ്ച് ലോഡ് മണ്ണ് പ്രദേശത്ത് ഇറക്കി. പ്രദേശവാസികൾ പരാതിനൽകിയതോടെ ഇരിട്ടി സി.ഐയുടെ നേതൃത്വത്തിൽ പോലീസ് എത്തി ലോറിയും മണ്ണ് മാന്തി യന്ത്രവും പിടിച്ചെടുക്കുകയായിരുന്നു.
 നിരവധി കുടുംബങ്ങൾ വസിക്കുന്ന പ്രദേശമാണിത്. താഴ്ന്ന പ്രദേശമായതിനാൽ  വെള്ളക്കെട്ട് മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ മേഖലയിലെ എല്ലാവരും അനുഭവിക്കുന്നുണ്ട്. ചതുപ്പുകൂടി ഇല്ലാതാകുന്നതോടെ മഴക്കാലത്ത് ചെറു തോടുകളിലൂടെ ഒഴുകി വരുന്ന വെള്ളം പ്രദേശത്തെവീടുകളിൽ കയറാനുള്ള സാധ്യത ഏറെയാണ്. ഇതാണ് പ്രദേശവാസികളെ അസ്വസ്ഥമാക്കുന്നത്. തോടുകൾ കെട്ടിചുരുക്കിയത് മൂലം വെള്ളത്തിന്റെ  സുഗമമായ ഒഴുക്കും തടസ്സപ്പെട്ട നിലയിലാണ്. രാ്ത്രിയുടെ മറവിലാണ് മണ്ണിടുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രദേശം കാലക്രമേണ നികത്തി തരാമെന്ന ധാരണയിലാണ് സ്ഥലം കൈവമാറ്റം ചെയ്തത്. നികത്തൽ ലോബികളാണ് ഇതി പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. 
എപ്പോഴും ശുദ്ധജലം ലഭിച്ചിരുന്ന പ്രദേശമായിരുന്നു ഇവിടം എന്നാണ് പ്രദേശ വാസികൾ പറയുന്നത്. എന്നാൽ മുൻപ്  ചതുപ്പിൽ മണ്ണിട്ട് അല്പഭാഗം നികത്തിയപ്പോൾ മുതൽ  പ്രദേശത്തെ കിണറുകളിൽ ചെളിവെള്ളം ഒഴുകിയിറങ്ങി  വെള്ളം മലിനമാകാൻ തുടങ്ങിയെന്ന് സമീപവാസികൾ പറയുന്നു. അവശേഷിക്കുന്ന ഭാഗം കൂടി നികത്തിയാൽ  കിണറുകൾ  മലിനമാവുകയും ഞങ്ങളെല്ലാം  വീടൊഴിഞ്ഞ് പോകേണ്ട  അവസ്ഥ ഉണ്ടാവുകയും ചെയ്യുമെന്നും  പ്രദേശം ചതുപ്പായി തന്നെ  നിലനിർത്താനുള്ള നടപടി റവന്യു അധികൃതരിൽനിന്നും ഉണ്ടാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group