Join News @ Iritty Whats App Group

ടൗണ്‍ ഹാളിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങള്‍ ; പൊതുദര്‍ശന സമയം നീട്ടി



കോടിയേരി ബാലകൃഷ്ണന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനപ്രവാഹം എത്തുന്ന സാഹചര്യത്തില്‍ പൊതുദര്‍ശന സമയം നീട്ടി. ഇന്ന് മുഴുവന്‍ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കാനാണ് തീരുമാനം. പത്തുമണി വരെ നടത്താനായിരുന്നു മുന്‍ തീരുമാനം.

തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ കോടിയേരിയുടെ വീട്ടിലും 11 മണി മുതല്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. പയ്യാമ്പലത്ത് വൈകീട്ട് മൂന്നിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

ടൗണ്‍ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നേതാക്കളായ എസ് രാമചന്ദ്രന്‍ പിള്ള, എംഎ ബേബി, തോമസ് ഐസക്, കെ കെ ശൈലജ തുടങ്ങിയ നേതാക്കള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.

വിലാപയാത്ര കടന്നു വന്ന 14 കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുളള സൗകര്യമൊരുക്കിയിരുന്നു. മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തിയത്.

കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സ്ഥാപനങ്ങള്‍ അടിച്ചിടും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും നാളെ കേരളത്തിലെത്തും.

Post a Comment

أحدث أقدم
Join Our Whats App Group