Join News @ Iritty Whats App Group

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും എസ്ഡിപിഐയും തമ്മില്‍ ബന്ധം കണ്ടെത്താനായില്ല; തെരഞ്ഞെടുപ്പ് കമ്മിഷന്‍



എസ്ഡിപിഐക്ക് നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധവുമുണ്ടെന്ന് കണ്ടെത്താനായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എസ്ഡിപിഐ ഇടപാടുകളുടെ രേഖകളെല്ലാം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതുവരെ പിഎഫ്ഐയും എസ്ഡിപിഐയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.

പിഎഫ്‌ഐക്കെതിരായ നടപടിയെക്കുറിച്ച് വ്യക്തതയുണ്ട്. ആവശ്യമായ എല്ലാ രേഖകളും എസ്ഡിപിഐ സമര്‍പ്പിച്ചിട്ടുണ്ട്. എസ്ഡിപിഐയുടെ ഭാഗത്ത് നിന്ന് വീഴ്ച കണ്ടെത്തിയിട്ടില്ലെന്ന് രാജീവ് കുമാര്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്കാണ് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം പുറപ്പെടുവിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനൊപ്പം ക്യാമ്പസ് ഫ്രണ്ട്, വിമന്‍സ് ഫ്രണ്ട് തുടങ്ങി അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. സെപ്തംബര്‍ അവസാനത്തോടെ രാജ്യത്തെങ്ങുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നിരോധനം നടപ്പാക്കിയത്. തീവ്രവാദ സംഘടന എന്ന രീതിയിലാവും പോപ്പുലര്‍ ഫ്രണ്ട് അറിയപ്പെടുക.

ഏത് ഭീകര സംഘടനകളെയും നിരോധിക്കുമ്പോള്‍ ആദ്യം അഞ്ച് വര്‍ഷവും പിന്നീട് അത് ട്രിബ്യൂണലില്‍ പുനപരിശോധിക്കണം എന്നുമാണ് നിയമം. വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം സ്വീകരിച്ചത് രാജ്യത്തിന്റെ താത്പര്യങ്ങള്‍ ഹനിക്കാനാണ്. അല്‍ ഖെയ്ദ അടക്കമുള്ള സംഘടനകളില്‍ നിന്ന് സഹായം സ്വീകരിച്ചു എന്ന് വ്യത്യസ്ത ഏജന്‍സികള്‍ അറിയിച്ചിരുന്നു. ഹത്രാസില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നും രാജ്യത്ത് കൂട്ടായി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചു.


പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ അടക്കമുള്ളവ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകളുടെ രീതിയിലാണ് പ്രവര്‍ത്തനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടന പരിശീലനം നടത്താന്‍ ക്യാമ്പുകള്‍ നടത്തി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ എത്തിച്ചു. സംഘടന ഏറെ വ്യാപിച്ചിരിക്കുന്നു. ഇപ്പോള്‍ നിരോധിച്ചില്ലെങ്കില്‍ അത് ദേശീയോദ്ഗ്രഥനത്തിനു തടസമാവും എന്നും എന്‍ഐഎ, ഇഡി തുടങ്ങിയ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കി.

Post a Comment

أحدث أقدم
Join Our Whats App Group