Join News @ Iritty Whats App Group

നാടിന് കണ്ണീരായി സത്യ, ട്രെയിനിന് മുന്നിൽ തള്ളിയിട്ട ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു; പ്രതിയെ കണ്ടെത്താനായില്ല

ചെന്നൈ: നാടിനെ നടുക്കിയ കൊലപാതകമായിരുന്നു ചെന്നയിലെ സബർബൻ ട്രെയിനിന്‍റെ മൗണ്ട് സ്റ്റേഷനിൽ നടന്നത്. കോളേജ് വിദ്യാർഥിനിയായ ഇരുപതുകാരിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന വാർത്ത വന്നത് ഇന്ന് ഉച്ചയോടെയാണ്. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും കൊലപാതക ശേഷം സ്ഥലത്ത് നിന്ന് ഓടി മറഞ്ഞ പ്രതിയെ ഇനിയും കണ്ടെത്താനായില്ലെന്നത് ഏവരെയും ഞെട്ടിക്കുന്നതാണ്.

കോളേജ് വിദ്യാർഥിനിയായ സത്യയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ അതിനിടെ പുറത്തുവന്നിട്ടുണ്ട്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് സതീഷ് എന്ന യുവാവ് സത്യയോട് കൊടുംക്രൂരത ചെയ്തത്. ആദമ്പാക്കം സ്വദേശിയും പൊലീസ് ഉദ്യോഗസ്ഥന്‍റെ മകളുമാണ് സത്യയോട് സതീഷ് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. ആദ്യം മുതലേ ഇതിനെ എതിർക്കുകയായിരുന്നു സത്യ. പിന്നീട് കഴിഞ്ഞ കുറച്ച് നാളുകളായി സത്യയുടെ പിന്നാലെ നടന്ന് സതീഷ് ശല്യം തുടരുകയായിരുന്നു.

ഇന്ന് ഉച്ചക്ക് കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് സത്യയുടെ വഴിയിൽ കൊലയാളിയായി സതീഷ് എത്തിയത്. വഴിയിൽ വച്ചും മൗണ്ട് സ്റ്റേഷനിൽ വച്ചും ഇയാൾ സത്യയെ ശല്യം ചെയ്തു. ഇവർ തമ്മിൽ തർക്കവും ഉണ്ടായി. ഇതിന് പിന്നാലെയാണ് സത്യയോട് സതീഷ് കൊടുംക്രൂരതയോടെ പെരുമാറിയത്. പാഞ്ഞുവന്ന ട്രെയിനിന് മുന്നിലേക്ക് സത്യയെ തള്ളിയിടുകയായിരുന്ന കൊലയാളി. സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാര്‍ പ്രതികരിക്കുന്നതിന് മുന്നെ തന്നെ സത്യ ട്രാക്കിലേക്ക് വീഴുകയും ട്രെയിൻ ഇടിക്കുകയുമായിരുന്നു. യാത്രക്കാരുടെ ഞെട്ടൽ മാറും മുന്നേ തന്നെ സത്യ കൊല്ലപ്പെടുകയായിരുന്നു. ട്രാക്കിൽ തല തകർന്നാണ് സത്യ മരിച്ചത്.

കൊലപാതക ശേഷം സതീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന ആർക്കും ഇയാളെ പിടികൂടാനായില്ല. റെയിൽവേ പൊലീസടക്കം പിന്നാലെ സ്ഥലത്തെത്തിയെങ്കിലും ഇയാളെ ഇനിയും കണ്ടെത്താനായില്ല. ഇയാളെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം കോളേജ് വിദ്യാർഥിയായ സത്യയുടെ മരണത്തിന്‍റെ ഞെട്ടലിലും വേദനയിലുമാണ് നാട്. എത്രയും വേഗം പ്രതിയെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകണമെന്നാണ് നാട്ടുകാരും വീട്ടുകാരും പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group