Join News @ Iritty Whats App Group

മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ: കോഴിഫാമുകളും അറവുശാലകളും നിയമവിധേയമാക്കാൻ നടപടി


കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിൽ കോഴിഫാമുകളും അറവുശാലകളും നിയമവിധേയമാക്കാൻ നടപടി. കോഴിഫാമുകളും അറവുശാലകളും നിയമങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്നും മനുഷ്യജീവന് അപകടകരമായ നടപടികൾ ഇത്തരം സ്ഥാപനങ്ങൾ സ്വീകരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുമുള്ള നിർദ്ദേശം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കോഴിഫാമുകളും അറവുശാലകളും ഉണ്ടാക്കുന്ന ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്. 

പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ ചമ്പാടിലുള്ള ചിക്കൻസ്റ്റാളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇക്കഴിഞ്ഞ ജൂലൈ 12 ന് നടത്തിയ മിന്നൽ പരിശോധനയാണ് വാർത്തയായത്. ചിക്കൻ സ്റ്റാളിന് പഞ്ചായത്തിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ലൈസൻസുണ്ടെന്ന് ഇരു സ്ഥാപനങ്ങളും സമർപ്പിച്ച റിപ്പോർട്ടുകളിൽ പറയുന്നു. സ്റ്റാളിനെതിരെ ഉയർന്ന പരിസ്ഥിതി നിയമ ലംഘനങ്ങൾ തെറ്റാണെന്ന് പഞ്ചായത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 

എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തിയതായി ഭക്ഷ്യവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. വീഴ്ചകൾ പരിഹരിക്കുന്നതുവരെ സ്ഥാപനം അടച്ചുപൂട്ടാൻ നിർദ്ദേശിച്ചിരുന്നു. 20,000 രൂപ പിഴ ഒടുക്കിയിട്ടുണ്ട്. ഇപ്പോൾ സ്ഥാപനത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്നും റിപ്പോർട്ടിലുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ഭക്ഷ്യ – സിവിൽ സപ്ലൈസ് ജില്ലാ ഉദ്യോഗസ്ഥർ റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് നിർദ്ദേശം നൽകിയിട്ടുള്ളതായി ഭക്ഷ്യ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. അറവു ശാലകളും ഫാമുകളും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും, സാമൂഹിക, പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ.

Post a Comment

Previous Post Next Post
Join Our Whats App Group