Join News @ Iritty Whats App Group

അറിയപ്പെടുന്നത് ഹോട്ടലുടമയായി;സിദ്ധനായും ഏജന്റായും എത്തി നരബലി; ഷാഫിയുടേത് അടിമുടി ദുരൂഹത നിറഞ്ഞ ജീവിതം


കൊച്ചി: തിരുവല്ലയില്‍ നടന്ന നരബലിയുടെ മുഖ്യസുത്രധാരന്‍ മുഹമ്മദ് ഷാഫി എന്ന ശിഹാബ്. പെരുമ്പാവൂര്‍ സ്വദേശിയായ ഷാഫി എറണാകുളം എസ്.ആര്‍.എം റോഡില്‍ അദീന്‍സ് എന്ന പേരില്‍ ഹോട്ടല്‍ നടത്തുകയാണ്. ഇന്നു രാവിലെ വാര്‍ത്തകള്‍ വരുന്നത് വരെ പുറംലോകത്തിന് ഷാഫിയെ കുറിച്ച് അറിയാവുന്നത് ഇത്രമാത്രമാണ്. ഗാന്ധിനഗറിലാണ് ഒരു വര്‍ഷമായി ഇയാള്‍ താമസിക്കുന്നത്. മൂന്നു ദിവസം ഇവിടെ നിന്നാണ് ഇയാളുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് ക്രൂരമായ കൊലപാതകത്തിന്റെ ഗൂഢാലോചന ഇയാള്‍ നടത്തിയിരുന്നുവെന്നാണ് സൂചന. ഹോട്ടലിന്റെ നടത്തിപ്പ് ഇയാളുടെ ഭാര്യയ്ക്കാണ്. രാത്രി മാത്രം ഹോട്ടലില്‍ എത്തിയിരുന്ന ഷാഫി ചിലപ്പോള്‍ ലഹരിയില്‍ ബഹളം വയ്ക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

ശ്രീദേവി എന്ന പേരിലാണ് ഷാഫി ഭഗവല്‍ സിംഗിനെയും കുടംബത്തെയും പരിചയപ്പെട്ടത്. ശ്രീദേവി എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഇയാള്‍ ഇട്ട പോസ്റ്റാണ് വൈദ്യരെ ഇയാളിലേക്ക് അടുപ്പിച്ചത്. ഐശ്വര്യപൂജയ്ക്കും സമ്പദ് സമൃദ്ധിക്കും സമീപിക്കുക എന്നായിരുന്നു പോസ്റ്റ്. ഇതുകണ്ട് ബന്ധപ്പെട്ട വൈദ്യരോട് റഷീദ് എന്ന സിദ്ധന്‍ പെരുമ്പാവൂരില്‍ ഉണ്ടെന്നും അയാള്‍ പൂജ ചെയ്യുമെന്ന് അറിയിച്ചു. എന്നാല്‍ റഷീദ് ആയി എത്തിയത് ഷാഫി തന്നെയായിരുന്നു.

നരബലിക്ക് സ്ത്രീകളെ എത്തിക്കുന്ന ഏജന്റായും പ്രവര്‍ത്തിച്ചത് ഷാഫിയായിരുന്നു. ഇയാളുടെ സ്‌കോര്‍പിയോ കാറില്‍ കൊല്ലപ്പെട്ട പത്മ കയറിപ്പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. സ്ത്രീകളെ വശീകരിച്ച് ഇലന്തൂരിലെ വൈദ്യുരുടെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു പതിവ്.
നരബലിക്കായി ഇയാള്‍ വൈദ്യരില്‍ നിന്ന് പണവും ഈടാക്കിയിരുന്നു. നാലു ദിവസം മുന്‍പ് ഇയാള്‍ പോലീസിന്റെ കസ്റ്റഡിയില്‍ ആയിരുന്നതായാണ് ഹോട്ടലിലെ ജീവനക്കാരനായ ബംഗാള്‍ സ്വദേശി പറയുന്നത്. പോലീസ് വന്ന് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇന്നു രാവിലെയും ഭാര്യ വന്ന് ഹോട്ടല്‍ തുറന്നിരുന്നു. എന്നാല്‍ വാര്‍ത്ത വന്നതോടെ ഹോട്ടല്‍ അടച്ചുപൂട്ടി അവരും ജോലിക്കാരനും സ്ഥലംവിട്ടു.

അതിനിടെ, ഇയാള്‍ ലോട്ടറി കച്ചവടക്കാരായ മറ്റ് സ്ത്രീകളെ സമീപിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഈ സ്ത്രീകളില്‍ നിന്നാണ് ഷാഫിയെ കുറിച്ചുള്ള സൂചന പോലീസിന് ലഭിക്കുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ആദ്യം പത്മത്തെ കൊലപ്പെടുത്തിയ വിവരമാണ് പുറത്തുപറഞ്ഞത്. എന്നാല്‍ രണ്ടു ദീവസം നീണ്ട ചോദ്യം ചെയ്യലിലാണ് റോസിലിയെ കൊലപ്പെടുത്തിയ വിവരം അറിയിച്ചത്.

അതേസമയം, ഇലന്തൂരില്‍ വൈദ്യരുടെ വീട്ടുവളപ്പില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹത്തിന്റെ അവശിഷ്ടം രണ്ടരയോടെ പുറത്തെടുത്തു. റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. രണ്ടാമത്തെ മൃതദേഹത്തിനായി പരിശോധന നടത്തുകയാണ്. വീടിനോട് ചേര്‍ന്നുള്ള മരങ്ങള്‍ക്കിടയിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group