Join News @ Iritty Whats App Group

വൈദ്യരെ ഷിഹാബ് വീഴ്ത്തിയത് വ്യാജ പ്രൊഫൈല്‍ വഴി;'ദിവ്യനെ പ്രീതിപ്പെടുത്തിയാല്‍ ഐശ്വര്യം;നരബലി ചെയ്യണം'


പത്തനംതിട്ട ഇലന്തൂരിലെ നരബലിക്ക് പിന്നിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റിലായ മുഹമ്മദ് ഷാഫിയെന്ന് സൂചന. ശ്രീദേവി എന്ന പേരില്‍ ഷാഫി ഫെയ്‌സ്ബുക്കില്‍ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭഗവല്‍ സിങ്ങുമായും ലൈലയുമായും ബന്ധമുണ്ടാക്കുകയായിരുന്നു. ഭഗവല്‍ സിങ്ങുമായി നല്ല ബന്ധം സ്ഥാപിച്ച ശേഷം പെരുമ്പാവൂരില്‍ ഒരു സിദ്ധനുണ്ടെന്നും അയാളുടെ പേര് റഷീദ് എന്നാണെന്നും ഇയാളെ പരിചയപ്പെടുന്നത് നല്ലതാണെന്നും അതിലൂടെ കുടുംബത്തില്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും കൊണ്ടുവരാനാകുമെന്നും ഭഗവല്‍ സിങ്ങിനെയും ലൈലയെയും പറഞ്ഞുവിശ്വസിപ്പിച്ചു. താന്‍ ഇതിന്റെ ഗുണം അനുഭവിക്കുന്നയാളാണെന്നും ശ്രീദേവിയായി ചമഞ്ഞ ഷാഫി ഇവരെ വിശ്വസിപ്പിച്ചു.
തുടര്‍ന്ന് ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിലൂടെ റഷീദിന്‍റെ നമ്പര്‍ ആണെന്ന വ്യാജേന സ്വന്തം മൊബൈല്‍ നമ്പര്‍ ഷാഫി കൈമാറി. ഭഗവല്‍ സിങ് ബന്ധപ്പെട്ടതോടെ ഷാഫി, ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തി. ഭഗവല്‍ സിങ്ങിന്റെ കുടുംബവുമായി പരിചയപ്പെടുകയും നല്ല സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കുടുംബത്തിന് ഐശ്വര്യം ഉണ്ടാകാന്‍ എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ച് ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈലയെ ഷാഫി ലൈംഗികമായി ഉപയോഗിച്ചു.

നരബലി നല്‍കിയാല്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന് ഇവരെ ഷാഫി വിശ്വസിപ്പിച്ചു. ഇത്തരത്തില്‍ ഗുണമുണ്ടായ ആളാണ് ശ്രീദേവിയെന്നും ഷാഫി ഭഗവല്‍ സിങ്ങിനോടു പറഞ്ഞു. ഇക്കാര്യത്തില്‍ വാസ്തവമുണ്ടോ എന്നറിയാന്‍ ഭഗവല്‍ സിങ് ശ്രീദേവി എന്ന അക്കൗണ്ടിലേക്ക് മെസേജ് അയച്ചു. ശ്രീദേവിയും ഇതിനെ സാധൂകരിച്ച് മറുപടി നല്‍കിയതോടെ നരബലിയിലേക്ക് കടക്കാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ശ്രീദേവി എന്ന പേരിലെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഷാഫി ആണെന്ന് ഭഗവല്‍ സിങ് അറിഞ്ഞിരുന്നില്ല.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നല്‍കിയായിരുന്നു കാലടിയില്‍നിന്ന് റോസ്‌ലിനെ കൊണ്ടുപോയത്. സാമ്പത്തികമായി ഏറെ പിന്നില്‍നില്‍ക്കുന്നയാളായിരുന്നു റോസ്‌ലിന്‍. ഇവര്‍ക്ക് പത്തുലക്ഷം രൂപയും ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. തുടര്‍ന്ന് ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച റോസ്‌ലിനെ കട്ടിലില്‍ കെട്ടിയിട്ടു.

ശേഷം ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈലയെ കൊണ്ട് നരബലി ചെയ്യിക്കുകയും ചെയ്തു. ലൈലയെ കൊണ്ട് റോസ്‌ലിന്റെ കഴുത്ത് അറുത്ത ശേഷം ജനനേന്ദ്രിയത്തില്‍ കത്തി കയറ്റിയിറക്കി രക്തം പുറത്തേക്ക് ഒഴുക്കി. ഈ രക്തം പാത്രത്തില്‍ ശേഖരിച്ച ശേഷം വീട് ശുദ്ധീകരിക്കാന്‍ പലഭാഗങ്ങളിലും തളിക്കാനും ആവശ്യപ്പെട്ടു. ഏകദേശം രണ്ടരലക്ഷം രൂപ പ്രതിഫലമായി സ്വീകരിച്ച ശേഷമാണ് ഷാഫി മടങ്ങിയത്.

റോസ്‌ലിനെ ബലി നല്‍കി ഒരുമാസത്തിനു ശേഷം പ്രതീക്ഷിച്ച ഫലമൊന്നും ലഭിച്ചില്ലെന്ന് ഭഗവല്‍ സിങ് റഷീദ് എന്ന സിദ്ധനെ അറിയിച്ചു. ഇതിന് കാരണം കുടുംബത്തിലെ ഒരു ശാപമായിരുന്നു എന്നായിരുന്നു ഷാഫി നല്‍കിയ മറുപടി. ആദ്യത്തെ നരബലിയോടെ ഈ ദോഷം മാറിയെന്നും മറ്റൊരു നരബലി കൂടി നല്‍കിയാല്‍ ഐശ്വര്യവും സമ്പത്തും വരുമെന്ന് ഇവരെ വീണ്ടും തെറ്റിദ്ധരിപ്പിച്ചു. ഇതോടെയാണ് കടവന്ത്രയില്‍നിന്ന് പത്മയെ ഷാഫി കൂട്ടിക്കൊണ്ടുപോയത്.

രാത്രി ഇലന്തൂരിലെത്തിച്ച പത്മയെയും നരബലി നല്‍കി. ലൈലയെ കൊണ്ട് പത്മയുടെ കഴുത്തറുത്തു. ജനനേന്ദ്രിയത്തില്‍ കത്തികയറ്റിയിറക്കുകയുമായിരുന്നു. ഈ സമയത്തും ഭഗവല്‍ സിങ്ങ് അവിടെയുണ്ടായിരുന്നു എന്നാണ് ഷാഫി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യം പൂര്‍ണമായി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഷാഫിയുടെ മൊഴിയിലെ വാസ്തവം അറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭഗവല്‍ സിങ്ങിനെയും ലൈലയെയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് കൊച്ചിയിലെത്തിച്ചത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തിലും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group