Join News @ Iritty Whats App Group

ബഫർ സോൺ; സുപ്രീം കോടതി വിധിയിൽ കേരളത്തിന്‍റെ പുന:പരിശോധന ഹർജി നാളെ പരിഗണിക്കും



ദില്ലി: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നടപ്പാക്കാനുള്ള സുപ്രീം കോടതി വിധിയിൽ കേരളത്തിന്‍റെ പുന:പരിശോധന ഹർജി നാളെ പരിഗണിക്കാമെന്ന് കോടതി. ഹർജി ഫയൽ ചെയ്ചിട്ടും ഇത് ലിസ്റ്റിൽ വരാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ഇന്ന് പുന:പരിശോധനാ ഹർജി സംബന്ധിച്ച് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ പരാമർശിച്ചത്. 

ഹർജി അടിയന്തരമായി കേൾക്കണമെന്നും ബഫർ സോൺ വിധി, സംസ്ഥാനത്തെ ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജയ്ദീപ് ഗുപ്ത കോടതിയെ ധരിപ്പിച്ചു. ഇതോടെയാണ് കോടതി, സംസ്ഥാനത്തിന്‍റെയും കേന്ദ്രത്തിന്‍റെയും അടക്കം ഇത് സംബന്ധിച്ച ഹർജികൾ നാളെ തന്നെ പരിഗണിക്കാൻ തീരുമാനിച്ചത്. ഇതോടെ ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാനത്തിന്‍റെ ആശങ്കകൾ കോടതിയെ അറിയിക്കാൻ വഴിയൊരുങ്ങുകയാണ്. പുനഃപരിശോധന അപേക്ഷയിൽ, സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് ബഫർസോൺ നടപ്പാക്കുന്നതും പിന്നീട് ജനങ്ങളെ പുനരധിവസിപ്പിക്കുന്നതും സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന് കേരളം വ്യക്തമാക്കിയിരുന്നു. 

വിധി നടപ്പാക്കുന്നത് ഭരണഘടന നൽകുന്ന ജീവിക്കാനുള്ള അവകാശത്തെ ബാധിക്കും. വിധി വയനാട്, ഇടുക്കി, കുമളി, മൂന്നാർ, നെയ്യാർ, റാന്നി അടക്കമുള്ള സ്ഥലങ്ങളിലെ ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ദശാബ്ദങ്ങളായി വികസിച്ചു വന്ന ജനവാസ മേഖലയാണ് ഉള്ളത്. വിധി നടപ്പാക്കുന്നത് ആദിവാസി മേഖലകളെ അടക്കം ബാധിക്കുമെന്നും ഹർജിയിൽ കേരളം വാദിക്കുന്നു. പതിനേഴ് വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫർ സോൺ സംബന്ധിച്ച ശുപാർശ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന് കേരളം നേരത്തെ കൈമാറിയിരുന്നു. എന്നാൽ, സുപ്രീംകോടതി ഇത് കണക്കിലെടുത്തില്ലെന്നും കേരളം പുനഃപരിശോധനാ ഹർജിയിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ ശങ്കർ രാജൻ മുഖേനയാണ് കേരളം ഹർജി ഫയൽ ചെയ്തത്. ഹർജിയുമായി ബന്ധപ്പട്ട് വനം മന്ത്രിയും എജിയും നേരത്തെ ദില്ലിയിൽ എത്തി കൂടിയാലോചനകള്‍ നടത്തിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group