Join News @ Iritty Whats App Group

അനധികൃത റേഷൻ കാർഡുകൾ കൈവശംവെച്ചതിന് ഇരിട്ടി താലൂക്ക് സപ്ലൈഓഫീസ് വിഭാഗം പിഴയീടാക്കിയത് രണ്ട് ലക്ഷത്തോളം രൂപ


ഇരിട്ടി: അനധികൃത റേഷൻ കാർഡുകൾ കൈവശംവെച്ചവരെ കണ്ടെത്തുന്ന ''ഓപ്പറേഷൻ യെല്ലോ'' നടപടികൾ ശക്തമാക്കി ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസ് വിഭാഗം . കഴഞ്ഞ ഒരു മാസം ഇത്തരക്കാരിൽ നിന്നും രണ്ട് ലക്ഷത്തോളം രൂപയാണ് അധികൃതർ പിഴയീടാക്കിയത്. 
  മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ (എ എ വൈ, പി എച്ച് എച്ച്, എൻ പി എസ് വിഭാഗം കാർഡുകൾ ) അനധികൃതമായി കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്തുന്നത്തിനായി സംസ്ഥാനതലത്തിൽ നടന്നു വരുന്ന നടപടിയാണ് ഓപ്പറേഷൻ യെല്ലോ . അനർഹരായ ഇത്തരക്കാരിൽ നിന്നും പിഴയീടാക്കി ട്രഷറിയിൽ അടപ്പിക്കുകയാണ് ചെയ്തുവരുന്നത്. വീടുകളിൽ നേരിട്ട് പരിശോധന നടത്തുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. 
മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി 1000 സ്ക്വയർ ഫീറ്റിലധികമുള്ള വീട്, കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കറിലധികം സ്ഥലം, വിദേശ ജോലിയിൽ നിന്ന് ഉൾപ്പെടെ പ്രതിമാസം ഇരുപത്തയ്യായിരം രൂപയിലധികം വരുമാനം, ഉപജീവനമാർഗമായ ടാക്സി അല്ലാത്ത നാലുചക്ര വാഹനം സ്വന്തമായുള്ളവർ, ഇൻകം ടാക്സ് അടയ്ക്കുന്നവർ, കേന്ദ്ര, സംസ്ഥാന, പൊതുമേഖല സ്ഥാപന ജീവനക്കാരോ പെൻഷൻകാരോ എന്നിവയിലെന്തെങ്കിലും ഉണ്ടായിരിക്കുകയും മുൻഗണന കാർഡുകൾ കൈവശം വച്ചിരിക്കുകയും ചെയ്തിരിക്കുന്നവർക്കെതിരെയാണ് നടപടി സ്വീകരിച്ചുവരുന്നത്.
 നേരത്തെ അനഹർ അവരുടെ കൈവശമുള്ള മുൻഗണനാ കാർഡുകൾ സ്വമേധയാ താലൂക്ക് സപ്ലൈ വിഭാഗത്തിന് കൈമാറുന്നതിന് അവസരം ഒരുക്കിയിരുന്നു. രണ്ടും മൂന്നും തവണ അവസരം നല്കിയിട്ടും തിരിച്ചേൽപ്പിക്കാതവർക്കെതിരെയാണ് ഇപ്പോൾ നടപടി കർശനമാക്കിയിരിക്കുന്നത്. അനർഹരാണെന്ന് അറിഞ്ഞിട്ടും മുൻഗണനാ വിഭാഗത്തിന് ലഭിക്കേണ്ട ആനുകൂല്യം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അവർ ആനുകൂല്യം കൈപ്പറ്റിയ കാലം വരെയുള്ള പിഴയാണ് അടയ്ക്കേണ്ടി വരിക.
അർഹരായ നിരവധി പേർക്ക് മുൻഗണന കാർഡുകൾ ലഭിക്കാതിരിക്കുമ്പോഴാണ് അനർഹർ മുൻഗണനകാർഡ് കൈവശം വച്ചിരിക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തി പുറത്താക്കുമ്പോൾ അർഹരായ നിരവധി ആളുകൾക്ക് മുൻഗണ റേഷൻ കാർഡുകൾ നൽകുവാൻ കഴിയുമെന്ന് സപ്ലൈ ഓഫീസർ പറഞ്ഞു. 
അനർഹമായി ഇത്തരം കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെപ്പറ്റി അറിവുള്ളവർ താഴെ പറയുന്ന ഏതെങ്കിലും നമ്പറിൽ അറിയിക്കണമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു. ടോൾ ഫ്രീ നമ്പർ 1967, കൂടാതെ 9188527301, 9188527409, 04902494930 എന്നീ നമ്പറുകളിലും വിവരം അറിയിക്കാം. അനധികൃത കാർഡുകളെപ്പറ്റി വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ ഒരു കാരണവശാലും പുറത്തുവിടുന്നതല്ലെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group