Join News @ Iritty Whats App Group

തമിഴ്നാട്ടിൽ നരബലിക്ക് ശ്രമമെന്ന് സംശയം: മൂന്ന് ദിവസമായി വീട് അടച്ചിട്ട് പൂജ നടത്തിയ കുടുംബം പിടിയിൽ


തിരുവണ്ണാമല: തമിഴ്നാട് തിരുവണ്ണാമലയിലെ ആറണിയിൽ നരബലി നടത്താൻ ശ്രമം നടന്നുവെന്ന് അഭ്യൂഹം. ദസറാപ്പേട്ടിലുള്ള വീട്ടിൽ മൂന്ന് ദിവസമായി വാതിലടച്ച് മന്ത്രവാദം നടത്തുന്നുവെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ആഭിചാര പൂജ തടയുകയായിരുന്നു. വീട്ടുകാർ വാതിൽ തുറക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ജെസിബി ഉപയോഗിച്ച് വീടിന്‍റെ വാതിൽ തകർത്താണ് പൊലീസ് ഉള്ളിൽ കടന്നത്.

തിരുവണ്ണാമല ആറണി എസ്‍വി ടൗണിനടുത്ത് ദസറാപേട്ടിലുള്ള ധനപാലന്‍റെ വീട്ടിൽ മൂന്ന് ദിവസമായി വാതിലടച്ച് മന്ത്രവാദം നടക്കുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയത്. കേരളത്തിലെ നരബലി വാർത്തയുടെ പശ്ചാത്തലത്തിൽ പരിഭ്രാന്തരായ നാട്ടുകാരാണ് പരാതി നൽകിയത്. 

വിവരം അറിഞ്ഞ് എത്തിയ പൊലീസും സ്ഥലം തഹസീൽദാറായ ജഗദീശനും വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും വീട്ടിലുണ്ടായിരുന്നവർ തുറന്നില്ല. വാതിൽ തുറക്കാൻ ശ്രമിച്ചാൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്യുമെന്നും പൂജ തടസ്സപ്പെടുത്തരുതെന്നും ഉള്ളിലുണ്ടായിരുന്നവർ വിളിച്ചുപറഞ്ഞു. ഇതോടെ നരബലി പുറത്ത് തടിച്ചു കൂടിയ ഗ്രാമവാസികളാകെ ക്ഷുഭിതരായി. വീട്ടുകാര്‍ സഹകരിക്കാതിരുന്നതോടെ പൊലീസ് അഗ്നിരക്ഷാസേനയുടെ സഹായം തേടി. തുടര്‍ന്നാണ് ജെസിബി ഉപയോഗിച്ച് വീടിന്‍റെ വാതിൽ തകർത്ത് പൊലീസും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും ഉള്ളിൽ കടന്ന് മന്ത്രവാദം നടത്തിയവരെ പിടികൂടുകയായിരുന്നു.

ധനപാലൻ, കാമാക്ഷി ദമ്പതികളുടെ ചെറുമകളായ ഗോമതി അടുത്ത കാലത്ത് ആനപ്പടി സ്വദേശിയായ പ്രകാശ് എന്ന പൂജാരിയുമായി വിവാഹിതയായിരുന്നു. ഗോമതിക്ക് പ്രേതബാധയുണ്ടെന്ന അന്ധവിശ്വാസത്തിൽ ഇയാളുടെ നേതൃത്വത്തിലാണ് മന്ത്രവാദം നടന്നതെന്നാണ് വിവരം. വാതിൽ തകര്‍ത്ത് അകത്ത് പ്രവേശിച്ച പൊലീസ് ഉദ്യോഗസ്ഥരോടും നാട്ടുകാരോടും അതിരൂക്ഷമായിട്ടാണ് വീട്ടുകാര്‍ പെരുമാറിയത്. അക്രമാസക്തരായ പെരുമാറിയ വല്ലാത്തൊരു ഉന്മാദാവസ്ഥയിലായിരുന്നു. 

പാവയും മറ്റും ഉപയോഗിച്ചുള്ള ആഭിചാര ക്രിയയാണ് ഇവർ നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. നരബലിക്ക് ശ്രമം നടന്നോയെന്ന് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വീട്ടിലുണ്ടായിരുന്ന ആറു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group