Join News @ Iritty Whats App Group

സൗജന്യ ഡയാലിസിസ് സെന്റർഇരിട്ടിയിൽ 7 ന് ഉദ്ഘാടനം ചെയ്യും

ഇരിട്ടി: തലശ്ശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി സ്മാരകമായി ആരംഭിച്ച എയ്ഞ്ചൽ ട്രസ്റ്റിന്റെ 2 -ാമത് സൗജന്യ ഡയാലിസിസ് സെന്റർ വെള്ളിയാഴ്ച 12 .30 ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. 
പരേതാനായ ഫാ. ജോസ് മണിപ്പാറ സ്ഥാപിച്ച സച്ചിദാനന്ദ പ്രകൃതി ക്ഷേത്ര ട്രസ്റ്റിന്റെ കടത്തുംകടവിലെ കെട്ടിടത്തിലാണ് അതിരൂപതയുടെ സാമുഹ്യ സേവന വിഭാഗമായ തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡയാലിസിസ് സെന്റർ ഒരുക്കിയിട്ടുള്ളത്. നൂതന ഡയാലിസിസ് ചികിത്സാ രംഗത്ത് മേഖലയിൽ ആദ്യത്തേയും കേരളത്തിൽ 2-ാമത്തെയും ജർമൻ നിർമിത അത്യാധുനിക എച്ച് ഡിഎഫ് മെഷിനുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇരിട്ടിയിൽ ആദ്യഘട്ടത്തിൽ ഒരു ദിവസം 30 പേർക്ക് ഡയാലിസിസ് നടത്താനാകും.
എടൂർ, പേരാവൂർ, കുന്നോത്ത്, നെല്ലിക്കാംപൊയിൽ ഫൊറോനാ പരിധിയിലുള്ള പ്രദേശങ്ങളിലെ നിർധനരായ രോഗികൾക്കു ഡയാലിസിസ് സൗജന്യമായി ചെയ്യുക എന്നതാണ് ലക്ഷ്യം. ഫൊറോന വികാരിമാരായ ഫാ. തോമസ് വടക്കേമുറിയിൽ (എടൂർ), ഫാ. ഡോ. ജോസഫ് കൊച്ചുകരോട്ട് (പേരാവൂർ), ഫാ. അഗസ്്റ്റിയൻ പാണ്ട്യാംമാക്കൽ (കുന്നോത്ത്), ഫാ. ജോസഫ് കാവനാടിയിൽ (നെല്ലിക്കാംപൊയിൽ) എന്നിവരുടെ നേതൃത്വത്തിൽ ഈ മേഖലയിലെ 50 ഓളം പള്ളി വികാരിമാരും ഇടവകകളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവരും ചേർന്ന കമ്മിറ്റികളുടെ നേതൃത്വത്തിലാണ് അതതു പ്രദേശത്തെ രോഗികളുടെ സൗജന്യ ഡയാലിസിസ് നിർവഹിക്കുന്നത്. നെഫ്രോളജിസ്റ്റ് ഡോ. ടോം ജോസിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമന്റെ നിരീക്ഷണം ഡയാലിസിസ് സെന്ററിൽ ഉണ്ടായിരിക്കുമെന്നും ചെറുപുഴയിലും കാഞ്ഞങ്ങാടും കൂടി സൗജന്യ ഡയാലിസിസ് സെന്ററുകൾ ഉടൻ തുറക്കുമെന്നും പാവങ്ങളോടു കരുതലും കാരുണ്യവും പുലർത്തുന്ന പദ്ധതികൾ നടപ്പാക്കണമെന്ന ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ നിലപാടാണ് എയ്ഞ്ചൽ ട്രസ്റ്റ് സ്ഥാപിതമായതിനു പിന്നിലെന്നും തലശ്ശേരി അതിരൂപതാ വികാരി ജനറൽ മോൺ സെബാസ്റ്റിയൻ പാലാക്കുഴി, ടിഎസ്എസ്എസ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ, നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന വികാരി ഫാ. ജോസഫ് കാവനാടി, എയ്ഞ്ചൽ ഇരിട്ടി ഡയറക്ടർ ഫാ. തോമസ് മുണ്ടമറ്റം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group