Join News @ Iritty Whats App Group

പത്തനംതിട്ടയിൽ മജിസ്ട്രേറ്റിന് തെരുവ് നായയുടെ കടിയേറ്റു; മലപ്പുറത്ത് തൊണ്ണൂറുകാരിയേയും നായ കടിച്ചു



പത്തനംതിട്ട: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം തുടരുന്നു. പത്തനംതിട്ടയിൽ മജിസ്ട്രേറ്റിന് തെരുവ് നായയുടെ കടിയേറ്റു. നഗരത്തിലെ ഒരു ജ്വല്ലറിയുടെ സുരക്ഷാജീവനക്കാരനും നായയുടെ കടിയേറ്റിട്ടുണ്ട്. 

മലപ്പുറം ചുങ്കത്തറയിൽ തൊണ്ണൂറുകാരിയേയും തെരുവ് നായ ആക്രമിച്ചു. തലാപ്പിൽ ചിരുത എന്ന സ്ത്രീക്കാണ് നായയുടെ ആക്രമണത്തി കയ്യിൽ പരിക്കേറ്റത്. ചിരുതയുടെ വീട്ടിലെ വളർത്തുനായയെ കടിക്കാൻ വന്ന തെരുവ്നായ വീടിന്റെ പുറത്ത് നിന്ന ചിരുതയെയും ആക്രമിക്കുകയായിരുന്നു. വീടിൻ്റെ അടുക്കള ഭാഗത്തേക്ക്‌ കയറി വന്നാണ് തെരുവ് നായ വായോധികയെ ആക്രമിച്ചത്. 

പാലക്കാട് തച്ചനാട്ടുകരയിലും ഒരാൾക്ക് തെരുവ് നായയുടെ കടിയേറ്റു. നാട്ടുകൽ കോട്ടയിൽ വീട്ടിൽ വിനോദി ( 42)നെയാണ് തെരുവുനായ കടിച്ചത്. രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. 

കൊല്ലം ജില്ലയിൽ മാത്രം ഇന്ന് 51 പേരാണ് പട്ടിയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സ തേടിയത്. ഇടുക്കിയിൽ 15 പേർക്ക് കടിയേറ്റു. കോഴിക്കോട് ജില്ലയിൽ ഇന്ന് നാലു പേരെ പട്ടി കടിച്ചു. ഇടുക്കിയിൽ നിർമല സിറ്റി സ്വദേശി ലളിതാ സോമന് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. രാവിലെ കടയിൽ പോകുന്നതിനിടെ പിറകെ എത്തിയ നായ മുതികിന് കടിച്ച് വീഴ്ത്തുകയായിരുന്നു.

ഇടുക്കിയിലും എറണാകുളത്തുമായി വളർത്തു ആടുകളേയും കോഴികളേയും നായകൾ കടിച്ചു കൊന്നു. എറണാകുളം കോതമംഗലം വാരപ്പെട്ടിയിൽ മൂന്ന് ആടുകളെ നായകൾ കടിച്ചു കൊന്നു. ഇടുക്കി അടിമാലി വാളറയിൽ കോഴിഫാമിലെ 25 കോഴികളെയും രണ്ടു താറാവുകളേയും നായക്കൂട്ടം കൊന്നു. കൂത്താട്ടുകുളത്ത് 45 കരിങ്കോഴികളെ നായ്ക്കൾ കടിച്ചു കൊന്നു. കണ്ണൂർ കൂത്തു പറന്പിൽ പശുവിന് പേ വിഷബാധയേറ്റു.

അതേസമയം തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹ‍ർജിയിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് കക്ഷി ചേരാൻ തീരുമാനിച്ചു.ഇതിന് സർക്കാർ അനുമതി കിട്ടിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group