Join News @ Iritty Whats App Group

ഫിഫയ്ക്ക് പിന്നാലെ വാളെടുത്ത് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും; ഇന്ത്യയെ വിലക്കുമെന്ന് മുന്നറിയിപ്പ്



ദില്ലി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് പിന്നാലെ ഒളിംപിക് അസോസിയേഷനും വിലക്ക് ഭീഷണി. ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ ഭരണ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇന്ത്യൻ ഒളിംപിക് അസോസിയേഷന് നിർദേശം നൽകി. ഈ വർഷം ഡിസംബറിലെ ഐഓസി എക്സിക്യൂട്ടീവ് യോഗത്തിന് മുൻപ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്നാണ് നിർദേശം.

ഇത് അവസാന താക്കീതാണെന്നും ഡിസംബറിലും പ്രശ്നപരിഹാരമില്ലെങ്കിൽ വിലക്ക് നേരിടേണ്ടിവരുമെന്നും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇന്ത്യൻ ഒളിംപിക് അസോസിയേഷന് താക്കീത് നൽകി. ഏറെക്കാലം ഹോക്കി അസോസിയേഷന്റെയും ഐഒസിയുടെയും അധ്യക്ഷനായി തുടർന്ന നരീന്ദർ ബത്ര കോടതി ഉത്തരവിനെത്തുടർന്ന് രാജിവച്ചതോടെയാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷനിൽ ഭരണപ്രതിസന്ധിയുണ്ടാകുന്നത്. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഇന്ത്യൻ താരങ്ങൾക്ക് അന്താരാഷ്‍ട്ര മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല. സുപ്രീംകോടതി നിയോഗിച്ച സമിതി ഭരണം ഏറ്റെടുത്ത സാഹചര്യത്തിൽ നേരത്തെ ഫിഫ ഇന്ത്യയെ വിലക്കിയിരുന്നു.

അടുത്ത വർഷം മെയ് മാസത്തില്‍ മുംബൈയില്‍ നടക്കേണ്ട ഐഓസി എക്സിക്യൂട്ടീവ് യോഗം സെപ്റ്റംബർ/ഒക്ടോബർ വരെ നീട്ടിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ 2012ല്‍ തെരഞ്ഞെടുപ്പ് ക്രമക്കേടിന്‍റെ പേരില്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റി വിലക്കിയിരുന്നു. ഇതിന് ശേഷം 2014 സോചി വിന്‍റർ ഗെയിംസോടെയാണ് ഇന്ത്യ മടങ്ങിയെത്തിയത്. 2024ല്‍ പാരീസില്‍ നടക്കുന്ന ഒളിംപിക്സിന് മുമ്പ് ഭരണപ്രതിസന്ധികള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പൂർണമായും പരിഹരിക്കേണ്ടതുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group