Join News @ Iritty Whats App Group

തെരുവ് നായ കടിച്ച് ആളുകൾ മരിക്കുമ്പോൾ സർക്കാർ നിസംഗരായി നിൽക്കുന്നു: വി.ഡി.സതീശൻ


തെരുവ് നായ ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരോഗ്യമന്ത്രി തങ്ങളുടെ വാദങ്ങളെ നിസാരമായി കണ്ടു. ആക്രമണം തുടർക്കഥയാകുമ്പോഴും സർക്കാർ നിസംഗരായി നിൽക്കുന്നു. നായകളെ വന്ധ്യംകരിക്കുന്ന പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു ( stray dog ​​bites v d satheesan ).

തങ്ങൾ ഈ വിഷയം ഉന്നയിച്ചപ്പോൾ സർക്കാർ പുച്ഛഭാവത്തോടെ കണ്ടു. തെരുവ് നായ കടിച്ച് ആളുകൾ മരിക്കുന്ന സംഭവം ഉണ്ടാകുന്നു. പ്രതിരോധ വാക്സിൻ പരിശോധനകളില്ലാതെയാണ് കൊണ്ട് വന്നത്. വാക്സിനെ സംബന്ധിച്ച് ധാരാളം പരാതി ഉയരുന്നുണ്ട്. സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയുടെ പരിശോധനയോടെ മാത്രമേ വാക്സിൻ കൊണ്ടു വരാവൂ. അത് ഇവിടെ നടന്നിട്ടില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് ദയനീയമായി പരാജയപ്പെട്ടു. ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച വന്ധ്യംകരണ പദ്ധതികൾ നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, സംസ്ഥാനത്ത് പേവിഷബാധ വൈറസിന് ജനിത വകഭേദം ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വാക്സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങൾ റാബിസിൽ അത്യപൂർവമാണ്. എങ്കിലും അടുത്ത കാലത്ത് പേ വിഷബാധ ഉണ്ടായവരിൽ വാക്സിനും സിറവും സ്വീകരിച്ചവരുമുണ്ട് എന്നതിനാലാണ് ഇത്തരം ഒരു അന്വേഷണം കൂടി നടത്തുന്നത്. ഇതിനായി സംസ്ഥാനത്ത് നിന്ന് ശേഖരിച്ച വൈറസുകളുടെ സമ്പൂർണ ജനിതക ശ്രേണീകരണം (കംപ്ലീറ്റ് ജീനോമിക് അനാലിസിസ്) പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് പേവിഷ ബാധയ്ക്കെതിരെയുള്ള വാക്സിൻ ഗുണനിലവാരം പരിശോധിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന സമീപനം സർക്കാർ ഉപേക്ഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വാക്സീൻ എടുത്ത ശേഷം നിരവധിപേർക്കാണ് വിഷബാധയേറ്റത്. തെരുവ് നായിക്കളുടെ കടിയേറ്റ് കഴിഞ്ഞ മാസം എട്ടുപേരാണ് മരിച്ചത്. ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ട പെരുനാട്‌ 12 വയസുകാരി അഭിരാമിയുടെ മരണം ഒടുവിലത്തെ ഉദ്ദാഹരണമാണ്. വാക്സിൻ എടുത്ത ശേഷം ആളുകൾ മരിക്കുന്നത് ഗൗരവതരമാണ്.

കേരളത്തിൽ ഉപയോഗിക്കുന്ന പേ വിഷവാക്സിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. വാക്സിന്റെ വിശ്വാസതയെ കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പ്രസംഗം നടത്തിയാൽ മാത്രം പോര. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഇടപെടേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. സംസ്ഥാനത്തെ ആരോഗ്യമേഖല പൂർണമായും പരാജയപ്പെട്ടു കഴിഞ്ഞു. ആരോഗ്യമന്ത്രിയെ പുറത്താക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.

അഭിരാമി മരിച്ച സംഭവത്തിൽ കുടുംബം ചികിത്സാ പിഴവ് ആരോപിച്ചിരിക്കുകയാണ്. പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയില്ല. പരിമിതിയുണ്ടെന്നാണ് ആശുപത്രി ജീവനക്കാർ അറിയിച്ചത്. സർക്കാർ ആശുപത്രികളിൽ എന്ത് പരിമിതിയാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group