Join News @ Iritty Whats App Group

ഡി ലിറ്റ് വേണ്ടെന്ന് കാന്തപുരം; കാലിക്കറ്റ് റജിസ്ട്രാര്‍ക്ക് കത്ത് നല്‍കി


ഡി.ലിറ്റ് സ്വീകരിക്കില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. ഇക്കാര്യം വ്യക്തമാക്കി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് കാന്തപുരം കത്ത് നല്‍കി. ചര്‍ച്ചകള്‍ തന്റെ അറിവോടെയല്ലെന്നും കാന്തപുരം. വെളളാപ്പളളി നടേശനും കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ക്കും ഡി ലിറ്റ് നല്‍കാനുളള കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റിന്‍റെ നീക്കം വിവാദത്തിലായിരുന്നു‍. ഏറ്റവും യോഗ്യതയുളളവര്‍ എന്ന നിലയ്ക്കാണ് ഇരുവരുടേയും പേരുകള്‍ മുന്നോട്ടു വച്ചതെന്ന് നിര്‍ദേശം നല്‍കിയ സിന്‍ഡിക്കറ്റ് അംഗം ഇ. അബ്ദുറഹിമാന്‍ പറഞ്ഞു എന്നാല്‍ ഡി ലിറ്റ് വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ ഒൗദ്യോഗികമല്ലെന്ന പ്രതികരണവുമായി കാലിക്കറ്റ് സര്‍വകലാശാല രംഗത്തെത്തി.
സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ക്കും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനും കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് നല്‍കണമെന്ന നിര്‍ദേശമാണ് ചര്‍ച്ചയായത്. നൂറു ശതമാനം യോഗ്യതയുളളവര്‍ എന്ന നിലയ്ക്കാണ് പ്രമേയത്തിലൂടെ ഇരുവരുടേയും പേരുകള്‍ മുന്നോട്ടു വച്ചതെന്ന് സിന്‍ഡിക്കറ്റ് അംഗം ഇ. അബ്ദുറഹിമാന്‍ പറഞ്ഞു. സാമുദായിക, വിദ്യാഭ്യാസ മേഖലകളില്‍ ഇരുവരും രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഡിലിറ്റ് നല്‍കണമെന്നായിരുന്നു പ്രമേയം. കാലിക്കറ്റ് വിസിയുടെ അനുവാദത്തോടെയാണ് പ്രമേയം അവതരിപ്പിച്ചത്.
മഹത് വ്യക്തികള്‍ക്ക് ഡിലിറ്റ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ട ഉപസമിതി കഴിഞ്ഞ രണ്ടു വര്‍ഷമായി ആരുടെ പേരും പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഇരുവരുടേയും പേരുകള്‍ മുന്നോട്ടു വച്ചതെന്നും ഇ. അബ്ദുറഹിമാന്‍ പറഞ്ഞു. എങ്കിലും സാമുദായിക നേതാക്കള്‍ക്ക് ഡിലിറ്റ് നല്‍കുന്നതിലെ അനൗചിത്യം ചില സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിന്‍ഡിക്കറ്റ് അംഗത്തിന്‍റെ പ്രമേയത്തിലൂടെയല്ല ഡി ലിറ്റ് ശുപാര്‍ശ ചെയ്യുന്നതെന്നും അതിനു മാത്രമായി ഡോ.പി. വിജയരാഘവന്‍ അധ്യക്ഷനായ ഉപസമിതിയുണ്ടെന്നും സര്‍വകലാശാല റജിസ്ട്രാര്‍ ഡോ.ഇകെ സതീഷ് അറിയിച്ചു.
 

Post a Comment

أحدث أقدم
Join Our Whats App Group