Join News @ Iritty Whats App Group

അറുപത്തിയെട്ടാമത് നെഹ്രുട്രോഫി വള്ളംകളി ഇന്ന്. . ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്രുട്രോഫി വള്ളംകളി ഇന്ന്. . ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. നെഹ്റു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അദ്ദേഹം പതാക ഉയര്‍ത്തും. ടൂറിസം പൊതുമരാത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍, റവന്യൂ മന്ത്രി കെ. രാജന്‍, കൃഷിമന്ത്രി പി. പ്രസാദ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരും ജില്ലയിലെ എം.പിമാര്‍ എം.എല്‍.എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.
രാവിലെ 11 മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ ആരംഭിക്കുക. വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെയാണ് ഫൈനല്‍ മത്സരങ്ങള്‍.

ഒന്‍പത് വിഭാഗങ്ങളിലായി 77 വള്ളങ്ങളാണ് മത്സരിക്കാനുള്ളത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 20 വള്ളങ്ങളുണ്ട്. ചുരുളന്‍ -3, ഇരുട്ടുകുത്തി എ ഗ്രേഡ് -5, ഇരുട്ടുകുത്തി ബി ഗ്രേഡ് -16, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് -9, വെപ്പ് ബി ഗ്രേഡ് -9, തെക്കനോടി(തറ) -3, തെക്കനോടി(കെട്ട്)- 3 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ഓരോ ഹീറ്റ്സിലും നാലു വള്ളങ്ങള്‍ വീതം മത്സരിക്കും. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കുവേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക.

മികച്ച സമയം കുറിക്കുന്ന ഒന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടും. ഇത്തവണ ആദ്യമായി ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.

പാസുള്ളവര്‍ക്കു മാത്രമാണ് വള്ളംകളി കാണുന്നതിനായി ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിംഗ് പോയിന്‍റിലേക്കുള്ള റോഡില്‍ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പാസില്ലാതെ കയറുന്നവര്‍ക്കും വ്യാജ പാസുകളുമായി എത്തുന്നവര്‍ക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. വള്ളംകളി കഴിഞ്ഞ് നെഹ്റു പവലിയനില്‍നിന്ന് തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്‍റെ യാത്രാ ബോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group