Join News @ Iritty Whats App Group

6 മാസം, 3500ലേറെ കി.മി, കന്യാകുമാരി-കശ്മീര്‍; നടന്നുമുന്നേറാന്‍ രാഹുല്‍, കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതെന്ത്?


കന്യാകുമാരി: ദേശീയ തലത്തിൽ കോണ്‍ഗ്രസിന്‍റെ ഉയിർത്തെഴുന്നേല്‍പ്പ് ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് നാളെ തുടക്കമാകും. വൈകീട്ട് അഞ്ചിന് കന്യാകുമാരിയിലെ ഗാന്ധി കൽമണ്ഡപത്തിൽ നിന്നാണ് കശ്മീർ വരെ നീളുന്ന വൻ യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. ആറ് മാസം, വിവിധ സംസ്ഥാനങ്ങളിലൂടെ 3500 ലേറെ കിലോ മീറ്ററുകൾ... നടന്നും, ജനങ്ങളുമായി സംവദിച്ചും മോദി സർക്കാറിനെ തുറന്ന് കാട്ടി പാർട്ടിയെ പഴയ പ്രതാപത്തിലേക്കെത്തിക്കുക എന്നുള്ള വലിയ ദൗത്യമാണ് രാഹുല്‍ ഏറ്റെടുത്തിട്ടുള്ളത്.

ദേശീയതലത്തിലെ തുടർ തോൽവി, കൈപ്പിടിയിലെ സംസ്ഥാനങ്ങൾ തന്നെ കൈവിടുന്ന സ്ഥിതി, ഗാന്ധി കുടുംബത്തെ പരസ്യമായി ചോദ്യം ചെയ്ത് മുതിർന്ന നേതാക്കൾ വരെ പാ‍ർട്ടി വിടുന്ന അവസ്ഥ, കോൺഗ്രസ് ചരിത്രത്തിലെ വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് രാഹുല്‍ പാര്‍ട്ടിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ജോഡോ യാത്ര നടത്തുന്നത്. ചോദ്യങ്ങൾക്കെല്ലാം യാത്ര തീരുന്നതോടെ ഉത്തരമാകുമെന്ന ആത്മവിശ്വാസമാണ് നേതൃത്വം നിരത്തുന്നത്.

രാവിലെ ഏഴിന് രാജീവ് ഗാന്ധി രക്ത സാക്ഷിത്വം വഹിച്ച ശ്രീ പെരുപുതൂരിൽ രാഹുൽ പ്രാർത്ഥന നടത്തും. ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തുന്ന രാഹുൽ ഒരുമണിയോടെ കന്യാകുമാരിയിലേക്ക് തിരിക്കും. വൈകീട്ട് മൂന്നിന് തിരുവള്ളൂർ സ്മാരകം സന്ദർശിക്കുന്ന രാഹുൽ വിവേകാനാന്ദ സ്മാരകത്തിലും കാമരാജ് സ്മാരകത്തിലു സന്ദർശനം നടത്തും. പിന്നീട് ഗാന്ധി മണ്ഡപത്തിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത് യാത്രയിലെ പതാക ഏറ്റുവാങ്ങും.

രാവിലെ ഏഴ് മുതൽ പത്ത് വരെയും വൈകീട്ട് നാലു മുതൽ ഏഴ് വരെയുമാണ് യാത്ര. രാവിലെ പത്തിനും നാലിനും ഇടയക്ക് സമൂഹത്തിലെ വിവിധ മേഖലകളിലെ ആളുകളുമായി രാഹുൽ സംവാദം നടത്തും. കേരളത്തിൽ 11 മുതൽ 19 ദിവസമാകും യാത്ര. . കേരള അതിര്‍ത്തിയായ കളിക്കാവിളയില്‍ വന്‍ സ്വീകരണം തന്നെ നല്‍കാനാണ് തീരുമാനം. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശ്ശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് പര്യടനം. പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസമായി 453 കി.മീറ്ററാണ് ഭാരത് യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്.

തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളില്‍ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 27ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. 28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group