Join News @ Iritty Whats App Group

‘130 കോടി ഇന്ത്യക്കാരും സന്തോഷത്തിലും അഭിമാനത്തിലുമാണ്’; ചീറ്റകളെ പൊതുജനങ്ങള്‍ക്ക് എപ്പോള്‍ മുതല്‍ കാണാനാകുമെന്ന് അറിയിച്ച് പ്രധാനമന്ത്രി



മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച ചീറ്റകളെ പൊതുജനങ്ങള്‍ക്ക് എപ്പോള്‍ മുതല്‍ കാണാനാവുമെന്നതില്‍ വ്യക്തത വരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ചീറ്റകളെ നിരീക്ഷിക്കാന്‍ നിയോഗിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശ അനുസരിച്ച് ഇക്കാര്യം തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ചീറ്റകള്‍ ഇവിടുത്തെ സാഹചര്യങ്ങളുമായി എത്രത്തോളം ഇണങ്ങിയെന്ന് അവര്‍ നീരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ചീറ്റകളെ കാണാനാവുക.’ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

‘ഇന്ത്യയിലേക്ക് ചീറ്റകള്‍ മടങ്ങിയെത്തിയതില്‍ രാജ്യമെമ്പാടും നിന്ന് ജനങ്ങള്‍ സന്തോഷം അറിയിച്ചതില്‍ അതിയായ ആശ്ചര്യമുണ്ട്. 130 കോടി ഇന്ത്യക്കാരും സന്തോഷത്തിലും അഭിമാനത്തിലാണ്. ഇതാണ് ഇന്ത്യക്ക് പ്രകൃതിയോടുള്ള സ്‌നേഹം’ മോദി കൂട്ടിച്ചേര്‍ത്തു.

നമീബിയയില്‍ നിന്ന് ഇന്ത്യന്‍ മണ്ണിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദ്ദേശിക്കാനും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സംസ്‌കാരത്തോട് ചേര്‍ന്നു നില്‍ക്കുന്ന പേരായിരിക്കണം. മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയും നിര്‍ദ്ദേശങ്ങള്‍ നല്‍കാം. മൃഗങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group