Join News @ Iritty Whats App Group

സൗദി ബാലന് ബോംബെ ഒ പോസിറ്റീവ് രക്തം നല്‍കി മലയാളികള്‍ തിരിച്ചെത്തി

മലപ്പുറം: ഏഴു വയസ്സുകാരനായ സൗദി ബാലന്റെ ശസ്ത്രക്രിയക്ക് അപൂർവ്വങ്ങളിൽ അപൂർവ്വ രക്ത ഗ്രൂപ്പായ ബോംബെ ഒ പോസിറ്റീവ് രക്തം ദാനം ചെയ്ത രക്തദാതാക്കൾ തിരിച്ചെത്തി. ഇന്നലെ വൈകുന്നേരം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രക്തദാതാക്കളെ ബ്ലഡ് ഡൊണേഴ്സ് കേരള ജില്ലാ, സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

സൗദിയിൽ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് അപൂര്‍വ്വ ഗ്രൂപ്പിലുള്ള രക്തം ആവശ്യമായി വന്നപ്പോഴാണ് കുടുംബം ബ്ലഡ് ഡോണേഴ്‌സ് കേരള സൗദി ചാപ്പ്റ്ററുമായി ബന്ധപ്പെടുന്നത്. തുടർന്ന് ബി ഡി കെയുടെ ബോംബെ ഗ്രൂപ്പ് കോർഡിനേറ്ററും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സലിം സി കെ വളാഞ്ചേരിയുമായി ബി ഡി കെ സൗദി ചാപ്പ്റ്റർ ബന്ധപ്പെടുകയും ബോംബെ രക്തദാതാക്കളുടെ ഗ്രൂപ്പിൽ വിവരം അവതരിപ്പിച്ച ഉടനെ രക്തദാതാക്കളായ ജലീന മലപ്പുറം, മുഹമ്മദ് ഷരീഫ് പെരിന്തൽമണ്ണ, മുഹമ്മദ് റഫീഖ് ഗുരുവായൂർ, മുഹമ്മദ് ഫാറൂഖ് തൃശ്ശൂർ തുടങ്ങിയവർ ഉടനെ തന്നെ സന്നദ്ധരായി മുന്നോട്ട് വരികയാണുണ്ടായത്.

 ജൂലൈ 19 ചൊവ്വാഴ്ച സൗദിയിലേക്ക് യാത്ര തിരിക്കുകയും വിവിധ പരിശോധനകൾക്ക് ശേഷം സൗദി ബാലന്റെ ശസ്ത്രക്രിയക്കായി നാല് പേരും രക്തദാനം നിർവ്വഹിച്ചതിന് ശേഷം ഉംറ കർമവും നിർവ്വഹിച്ചാണ് ഇന്നലെ വൈകുന്നേരം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുക എന്ന ദൗത്യമായതിനാൽ കാര്യമായ യാത്രയയപ്പ് ഒന്നും നല്‍കിയിരുന്നില്ല. എന്നാല്‍ രക്തം ദാനം ചെയ്ത് തിരിച്ചെത്തിയപ്പോൾ നാല് പേർക്കും ബോംബെ ഗ്രൂപ്പ് കോർഡിനേറ്ററും ബി ഡി കെ സംസ്ഥാന വൈസ് പ്രസിഡന്റുമായ സലീം സി കെ വളാഞ്ചേരി, സംസ്ഥാന ജനറൽ സെക്രട്ടറി സനൽ ലാൽ കാസർകോഡ്, ട്രഷറർ സക്കീർ ഹുസൈൻ തിരുവനന്തപുരം മറ്റ് സംസ്ഥാന, ജില്ലാ ഭാരവാഹികൾ ചേർന്ന് ഊഷ്മളമായ വരവേൽപ്പ് നൽകുകയായിരുന്നു.

എന്തായാലും സൗദിയിലെ ആ നാലുവയസുകാരൻ ജീവിതത്തിലേക്ക്‌ തിരിച്ചുവരുമ്പോൾ തന്‍റെ ശരീരത്തിൽ ഒഴുകുന്ന രക്തം മലയാളിയുടേതുമാണെന്ന്‌ അവന്‍ തിരിച്ചറിയാതിരിക്കില്ലെന്നാണ് ബ്ലഡ് ഡോണേഴ്സ് ഫോറം ഭാരവാഹികള്‍ പറയുന്നത്. ശസ്ത്രക്രിയക്കുശേഷം സൗദി ബാലൻ സുഖംപ്രാപിച്ചുവരികയാണ്. ഒരു കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും രക്തദാനം ഇനിയും തുടരുമെന്നും രക്തദാതാക്കളായ ജലീന മലപ്പുറം, മുഹമ്മദ് ഷരീഫ് പെരിന്തൽമണ്ണ, മുഹമ്മദ് റഫീഖ് ഗുരുവായൂർ, മുഹമ്മദ് ഫാറൂഖ് തൃശ്ശൂർ എന്നിവര്‍ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group