Join News @ Iritty Whats App Group

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി: കോടതിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ


ദില്ലി: ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി നിലപാടിനെതിരെ ദേശീയ വനിതാ കമ്മീഷൻ. കോടതിയുടെ പരാമർശങ്ങൾ അതീവ ദൗർഭാഗ്യകരം എന്ന് രേഖ ശർമ പ്രതികരിച്ചു. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ കോടതി അവഗണിച്ചുവെന്നും അവർ വിമർശിച്ചു.

കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ പ്രതി ഹാജരാക്കിയ ഫോട്ടോകൾ തെളിവായെടുത്താണ് കോടതി നിലപാടെടുത്തത്. യുവതിയുടെ ശരീരഭാഗങ്ങൾ കാണുന്ന നിലയിലായിരുന്നു ഫോട്ടോ. ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354-എ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതി നിലപാട്.

ആഗസ്റ്റ് 12ന് തന്നെ സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. എന്നാൽ ഉത്തരവിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സ്തീവിരുദ്ധവും നിയമ ലംഘനവുമാണ് ഉത്തരവിലെ പരാമ‍ർശങ്ങളെന്ന് നിയമരംഗത്തെയും പൊതുരംഗത്തെയും പ്രമുഖർ കുറ്റപ്പെടുത്തുന്നു. സെഷൻസ് ജഡ്ജിയുടെ പരാമ‍ർശത്തിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകാനാണ് പരാതിക്കാരിയുടെ തീരുമാനം. അപ്പീൽ നൽകാൻ പ്രോസിക്യൂഷനും ആലോചിക്കുന്നുണ്ട്. ഉത്തരവിൽ പ്രതിയുടെ മക്കളുടെ സ്ഥാനമാനങ്ങളടക്കം ചൂണ്ടിക്കാട്ടി സമൂഹത്തിൽ ഉന്നത പദവിയുള്ളയാൾ പീഡനം നടത്താനിടയില്ലെന്നും പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിഗമനങ്ങളും ശരിയല്ലെന്നും വിമർശനമുയരുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group