Join News @ Iritty Whats App Group

ഇരിട്ടി നഗരത്തെയും സമീപ പ്രദേശങ്ങളേയും വെള്ളത്തിൽ മുക്കിയ ദുരന്തത്തിന് ഇന്ന് പത്താം വാർഷികം

ഇരിട്ടി: പഴശ്ശി ഡാമിന്റെ ഷട്ടർ തുറക്കാൻ കഴിയാതെ ഇരിട്ടി നഗരത്തെയും സമീപ പ്രദേശങ്ങളെയും വെള്ളത്തിൽ മുക്കിയ ദുരിതത്തിന് ഇന്ന് പത്താം വാർഷികം. അയ്യങ്കുന്നിൽ മൂന്നിടത്തുണ്ടായ ഉരുൾ പൊട്ടൽ മൂലം ഒഴുകിയെത്തിയ വെള്ളവും കല്ലും മരങ്ങളും പഴശ്ശിയുടെ പഴകിദ്രവിച്ച ഷട്ടറുകൾ തുറക്കാൻ കഴിയാതായതോടെ ഇരിട്ടി പട്ടണമടക്കമുള്ള ജലസംഭരണിയോട് ചേർന്ന പ്രദേശങ്ങളെ വെള്ളത്തിൽ മുക്കുകയായിരുന്നു. 
2012 ഓഗസ്റ്റ് ആറിനായിരുന്നു ശക്തമായ മഴയിൽ അയ്യങ്കുന്നിലെ മൂന്നിടങ്ങളിൽ വൈകുന്നേരത്തോടെ ഉരുൾ പൊട്ടൽ ഉണ്ടായത്. പഴശ്ശിയുടെ 16 ഷട്ടറുകളിൽ മൂന്നെണ്ണം മാത്രമാണ് തുറക്കാനായത്. അറ്റകുറ്റപ്പണികളുടെ അഭാവം മൂലവും പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചതും മൂലം മറ്റു ഷട്ടറുകൾ തുറക്കാനായില്ല. ബാരാപ്പോൾ പുഴവഴി ബാവലിയിലേക്ക് ഒഴുകിയെത്തിയ ജലം പ്രളയമായി മാറുകയായിരുന്നു. രാത്രി 10 മണിയോടെ ഇരിട്ടി ടൗൺ, പെരുമ്പറമ്പ്, എടക്കാനം , വള്ള്യാട് തുടങ്ങിയ മേഖലകളിലെല്ലാം പ്രളയജലം ഇരച്ചു കയറി. നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ മുങ്ങി. ഇരിട്ടിയിൽ ഇരുന്നൂറോളം കടകളിൽ വെള്ളം കയറി . കോടിക്കണക്കിനു നാശനഷ്ടമാണ് ഉണ്ടായത് . ഇതിനിടയിൽ വള്ളിത്തോട് സെൻറ് ജൂഡ് നഗറിന് സമീപമുള്ള വാഴയിൽ പാലം ഉരുൾ പൊട്ടൽ പ്രളയജലത്തിൽ തകർന്നു. ഈ സമയം പാലത്തിലൂടെ കടന്നുപോവുകയായിരുന്ന ഒരു കാറും ബൈക്കും പുഴയിലേക്ക് വീണു. പാലത്തിൽ പ്രളയജലം നോക്കി നിൽക്കുകയായിരുന്ന അഞ്ചോളം പേരും വെള്ളത്തിൽ വീണെങ്കിലും എല്ലാവരെയും നാട്ടുകാർ രക്ഷപ്പെടുത്തി. 
പഴശ്ശി ഡാം കവിഞ്ഞൊഴുകിയ പ്രളയജലം മൂലം പഴശ്ശിയിലെ ഉദ്യാനവും കനാലും തകർന്നു. ഏകദേശം പന്ത്രണ്ട് മണിക്കൂറിന് ശേഷമാണ് ഷട്ടറുകൾ ഒരു വിധം തുറക്കാനായത്. കോടികളുടെ നാശനഷ്ടമാണ് മേഖലയിലെങ്ങും ഈ പ്രളയം മൂലം ഉണ്ടായത്.

Post a Comment

أحدث أقدم
Join Our Whats App Group