Join News @ Iritty Whats App Group

മാവേലി എക്സ്പ്രസിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു; യാത്രക്കാരന്റെ കാലിൽത്തട്ടി തെറിച്ചു

മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്പ്രസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. ശനിയാഴ്ച രാത്രി 10.32ന് ആയിരുന്നു സംഭവം. കോഴിക്കോട് വെള്ളയില്‍ റെയില്‍വേ സ്റ്റേഷന്‍ കടന്നുപോകവെയായിരുന്നു സംഭവം. യാത്രക്കാരനായ യുവാവിന്റെ കാലിൽ തട്ടിത്തെറിച്ചു പുറത്തുനിന്ന് പൊട്ടിയതിനാൽ ആർക്കും പരുക്കേറ്റില്ല. സംഭവത്തിൽ പോലീസ് പരിസരം നിരീക്ഷിക്കുന്നതിനിടയിൽ ഇന്നലെ രാത്രി 7 മണിയോടെ റെയിൽവേ പരിസരത്ത് എത്തിയ മൂന്നംഗ സംഘത്തെ പോലീസ് പിടികൂടിയെങ്കിലും ഒരാൾ ഓടി രക്ഷപ്പെട്ടു.
പിടിയിലായ തങ്ങൾസ് റോഡ് സ്വദേശികളായ 16, 17 പ്രായമുള്ള രണ്ട് പേരെ ചോദ്യം ചെയ്തു. ഇവരിൽ നിന്നു പടക്കങ്ങൾ കണ്ടെടുത്തതായി വെള്ളയിൽ പോലീസ് ഇൻസ്പെക്ടർ എ.ശ്രീനിവാസൻ പറഞ്ഞു. വീണ്ടും ട്രെയിനിനു പടക്കം എറിയാനുള്ള ഒരുക്കവുമായാണ് സംഘം എത്തിയതെന്നും ഇവരെ റെയിൽവേ സുരക്ഷാ സേനയ്ക്കു കൈമാറിയതായും പോലീസ് പറഞ്ഞു.

ഇതേ ട്രെയിനിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കേന്ദ്ര മന്ത്രി വി.മുരളീധരനും മന്ത്രി പി.എ.മുഹമ്മദ് റിയാസും കയറാനിരിക്കെയാണ് ട്രെയിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. സംഭവത്തിൽ പോലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചു.

ട്രെയിൻ വെള്ളയിൽ സ്റ്റേഷൻ കടന്നുപോകുന്നതിനിടയിൽ പ്ലാറ്റ്ഫോമിന്റെ കിഴക്കു ഭാഗത്ത് നിന്നാണ് ജനറൽ കോച്ചിലേക്ക് സ്ഫോടകവസ്തു എറിഞ്ഞത്. ട്രെയിനിന്റെ വാതിലിനരികിൽ ഇരിക്കുകയായിരുന്ന യാത്രക്കാരൻ ഷാഹുൽ ഹമീദിന്റെ(36) ഷൂവിൽ തട്ടി പുറത്തേക്കു തെറിച്ച് ഇതു പൊട്ടുകയായിരുന്നു. ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാരൻ റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ആർപിഎഫ് ഇൻസ്പെക്ടർ ഉപേന്ദ്രകുമാർ ഉടനെ വെള്ളയിൽ റെയിൽവേ സ്റ്റേഷനിൽ എത്തി പ്ലാറ്റ്ഫോമും റെയിൽവേ ട്രാക്കുകളും പരിശോധിച്ചു.

പോലീസ് വാഹനം കണ്ട് 4 പേർ കടന്നുകളഞ്ഞു. വെള്ളയിൽ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും പരിസരത്തുനിന്നു സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല

Post a Comment

Previous Post Next Post
Join Our Whats App Group