Join News @ Iritty Whats App Group

'കോണ്‍ഗ്രസുകാര്‍ക്കെതിരെ കാപ്പ ചുമത്താന്‍ വന്നാല്‍ പ്രതിരോധിക്കും; സ്റ്റാലിന്‍റെ റഷ്യയല്ലിത്, കേരളമാണ്'

കോഴിക്കോട്.:മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ കരിങ്കൊടി കാട്ടിയതിന്‍റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയാക്കാനുള്ള തീരുമാനത്തെ ശക്തിയായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.. ഫര്‍സീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ 12 കേസുകളും കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിനുള്ള നിസാര കേസുകളാണ്. അതില്‍ പലതും അവസാനിച്ചു. അങ്ങനെയെങ്കില്‍ 40 ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താന്‍ സര്‍ക്കാര്‍ തയാറാകുമോ? ഇയാള്‍ക്കെതിരായ 16 കേസുകളും ആയുധം ഉപയോഗിച്ച് മറ്റ് വിദ്യാര്‍ഥികളെ ആക്രമിച്ചതിനാണ്. മൂന്ന് കേസുകള്‍ വധശ്രമത്തിനും ഒരോ കേസുകള്‍ വീതം തട്ടിക്കൊണ്ട് പോകലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ്. ഇത്രയും വലിയ ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താത്ത സര്‍ക്കാരാണ് നിസാരമായ പെറ്റി കേസുകളുള്ള ഫര്‍സീനെതിരെ കാപ്പ ചുമത്തുന്നത്.

സംസ്ഥാനത്ത് വിഹരിക്കുന്ന പതിനാലായിരത്തിലധികം ഗുണ്ടകള്‍ക്കും കാല് വെട്ടി ബൈക്കില്‍ കൊണ്ടു പോയവര്‍ക്കുമൊക്കെ എതിരെ കാപ്പ ചുമത്താന്‍ തയാറാകാത്തവര്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ കാപ്പ ചുമത്താന്‍ വന്നാല്‍ അതേ ശക്തിയില്‍ പ്രതിരോധിക്കും. ഈ പരിപാടി ഇവിടെ അവസാനിപ്പിക്കണം. കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചതിന്റെ പേരില്‍ കാപ്പ ചുമത്തി അകത്തിടുമെങ്കില്‍, ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു. ആ കളി ഞങ്ങളോട് വേണ്ടെന്നും സതീശന്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group