Join News @ Iritty Whats App Group

ഇന്ത്യയിൽ ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ വിൽപ്പന ഉടൻ നിർത്തലാക്കില്ല

L
കാൻസറിന് (Cancer) കാരണമാകുന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന പരാതിയെ തുടർന്ന് ടാൽകം അടങ്ങിയ ബേബി പൗഡർ (Baby Powder) ആഗോളതലത്തിൽ നിർത്തലാക്കുന്നതായി യുഎസ് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ (Johnson & Johnson) പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ത്യൻ വിപണിയിൽ ഉൽപ്പന്നം ഉടൻ നിർത്തലാക്കാൻ കമ്പനി പദ്ധതിയിട്ടിട്ടില്ലെന്ന് റിപ്പോർട്ടുകൾ.
“ടാൽക് അടങ്ങിയിട്ടുള്ള പൗഡർ വിറ്റു തീരുന്നത് വരെ വിപണിയിലുണ്ടാകുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ വക്താവ് മണികൺട്രോളിനോട് പറഞ്ഞു.

ടാൽക്ക് അടങ്ങിയ പൌഡർ നിലവിൽ വിപണിയിൽ നിന്ന് പിൻവലിക്കാൻ പദ്ധതിയില്ലെന്ന് കമ്പനിയുടെ ഒരു എക്സിക്യൂട്ടീവ് മണികൺട്രോളിനോട് സ്ഥിരീകരിച്ചു. ജോൺസൺ ആൻഡ് ജോൺസണിന്റെ ടാൽക്കം പൗഡറിൽ ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസ് അടങ്ങിയിട്ടുള്ളതായി ആരോപിച്ച് പതിനായിരക്കണക്കിന് കേസുകൾ കമ്പനിയ്ക്കെതിരെ ഫയൽ ചെയ്തിട്ടുണ്ട്.

“ഉത്പന്നങ്ങൾ തിരിച്ചുവിളിക്കില്ല. ഉൽപ്പന്നത്തിന്റെ സുരക്ഷയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. അടുത്ത വർഷം ഒന്നാം പാദം വരെ പൌഡറിന്റെ നിർമ്മാണം തുടരും. അതിനുശേഷം, നിർമ്മാണം അവസാനിപ്പിക്കും" എക്സിക്യൂട്ടീവ് പറഞ്ഞു.

ഇന്ത്യയിലെ ജോൺസൺ ആൻഡ് ജോൺസണിന്റെ തീരുമാനം നിയന്ത്രണ നടപടികളുടെ ഭാഗമാണോ എന്ന ചോദ്യത്തിന്, "ഇതൊരു ആഗോള തീരുമാനമാണ്" എന്നും എക്സിക്യൂട്ടീവ് പറഞ്ഞു.

കമ്പനിയുടെ ഈ തീരുമാനവുമായി ബന്ധപ്പെട്ട് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് അയച്ച ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും മണി കൺട്രോൾ റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിപണിയിൽ നിന്ന് ഉൽപ്പന്നം പിൻവലിക്കാത്തതിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ടാൽക്ക് അടങ്ങിയ പൗഡറിന് ആവശ്യക്കാർ ഇല്ലാതിരിക്കുകയും നിരവധി ആരോപണങ്ങൾ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ എന്തുകൊണ്ട് ഇന്ത്യയിൽ മാത്രം പൌഡർ വിൽക്കണമെന്ന് വിദഗ്ധർ ചോദിക്കുന്നു. രണ്ട് വർഷം മുമ്പ് കമ്പനി യുഎസിൽ ഉൽപ്പന്നത്തിന്റെ വിൽപ്പന അവസാനിപ്പിച്ചിരുന്നു.

“വെസ്റ്റേൺ രാജ്യങ്ങളിൽ സ്വീകരിച്ച നയം ഇന്ത്യയിൽ നടപ്പിലാക്കാൻ കമ്പനി വൈകുകയാണ്. ഒരു ഉൽപ്പന്നം നിർമ്മാണം നിർത്തലാക്കുകയാണെങ്കിൽ, എന്തിന് അത് വിൽക്കണം, എന്തുകൊണ്ട് അത് തിരിച്ചുവിളിച്ചുകൂടാ?“ ഒരു ഉദ്യോഗസ്ഥൻ ചോദിച്ചു.

ഇന്ത്യയിൽ, CDSCO മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങളുടെ ബാച്ച് സ്വമേധയാ അല്ലെങ്കിൽ നിയമാനുസൃതമായി തിരിച്ചുവിളിക്കേണ്ടതാണ്. ബേബി കെയർ ഉൽപ്പന്നങ്ങളിൽ ഫോർമാൽഡിഹൈഡ്, ആസ്ബറ്റോസ് എന്നിവയുടെ പരിശോധനാ രീതികളുടെ പ്രശ്നം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ അധികാര പരിധിയിലാണെന്ന് ഒരു സത്യവാങ്മൂലത്തിൽ CDSCO വ്യക്തമാക്കിയിട്ടുണ്ട്.

2023ഓടെ ആഗോളതലത്തിൽ ടാൽക്ക് അടങ്ങിയ ബേബി പൗഡർ നിർമ്മാണം അവസാനിപ്പിക്കുമെന്നും കോൺസ്റ്റാർച്ച് അടങ്ങിയ ഉത്പന്നങ്ങളാകും വിപണിയിലെത്തിക്കുക എന്നും ഈ മാസം 11ന് ജോൺസൺ ആൻഡ് ജോൺസൺ അറിയിച്ചിരുന്നു. 2021-ൽ 94 ബില്യൺ ഡോളറിന്റെ ആഗോള വിൽപ്പന റിപ്പോർട്ട് ചെയ്ത കമ്പനി, രണ്ട് വർഷം മുമ്പ് യുഎസ്, കാനഡ, യുകെ എന്നിവിടങ്ങളിൽ കോൺസ്റ്റാർച്ച് ഉപയോഗിച്ചുള്ളബേബി പൗഡറിലേക്ക് മാറിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇത് സാവധാനം നടപ്പിലാക്കാനാണ് പദ്ധതി.

Post a Comment

أحدث أقدم
Join Our Whats App Group