Join News @ Iritty Whats App Group

'ഇന്‍സ്റ്റന്‍റ് ലോണ്‍,നിരവധി പേര്‍ക്ക് സന്ദേശം', മാനന്തവാടി സഹകരണ ബാങ്കിന്‍റെ പേരില്‍ വായ്പാ തട്ടിപ്പിന് ശ്രമം


വയനാട്: മാനന്തവാടി സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ പേരിൽ മൊബൈല്‍ ആപ്പ് വഴി വായ്പാ തട്ടിപ്പിന് ശ്രമം. ഇന്‍സ്റ്റന്‍റ് ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് ചൈനീസ് ആപ്പ് വഴി നിരവധി പേര്‍ക്കാണ് സന്ദേശങ്ങള്‍ ലഭിച്ചത്. ബാങ്കിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. അഞ്ച് മിനിറ്റിനുള്ളില്‍ 7000 മുതല്‍ 28000 രൂപ വരെ വായ്പ കിട്ടുമെന്നും ഉടന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ എന്നും പറഞ്ഞ് മാനന്തവാടി കാര്‍ഷിക സര്‍വീസ് സഹകരണ ബാങ്കിലെ ഇടപാടുകാരുടെ ഫോണിലേക്ക് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സന്ദേശമെത്തുകയായിരുന്നു.

ഈ ലിങ്ക് തുറന്നവരുടെ ഫോണില്‍ ഹോം ക്യാഷ് എന്ന പേരിലുള്ള ചൈനീസ് ആപ്പ് ഇന്‍സ്റ്റാളായി. ഫോണില്‍ സൂക്ഷിച്ചിട്ടുള്ള ചിത്രങ്ങളും പാസ്വേര്‍ഡുകളും കോണ്‍ടാക്ട് നമ്പറുകളും അടക്കം ഈ ആപ്ലിക്കേഷന്‍ വഴി ചോര്‍ന്നുവെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ടെക്നിസാന്‍റ് എന്ന സൈബര്‍ സുരക്ഷാ കമ്പനി കണ്ടെത്തുകയായിരുന്നു. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി , കടക്കെണിയിലാകാന്‍ ഈ ഒറ്റ ക്ലിക്ക് തന്നെ ധാരാളമെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.

പണം നഷ്ടപ്പെടുന്നതിന് മുമ്പ് തട്ടിപ്പ് തിരിച്ചറിയാനായതിന്‍റെ ആശ്വാസത്തിലാണ് മാനന്തവാടി ഫാര്‍മേഴ്സ് സഹകരണ ബാങ്ക്. ഓൺലൈൻ ലോൺ കെണിയിൽ ഉപഭോക്താക്കൾ കുടുങ്ങരുതെന്ന മുന്നറിയിപ്പ് നൽകുകയാണ് പൊലീസും ബാങ്ക് അധികൃതരും. ചൈനീസ് സേവനദാതാവായ ആലീബാബാ ക്ലൗഡിലേക്കാണ് ഈ അപ്പിന്‍റെ ഐപി വിലാസം എത്തുന്നത്. നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകളും പുതിയ രൂപത്തില്‍ വീണ്ടും സജീവമാവുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group