Join News @ Iritty Whats App Group

'നിയമനങ്ങളിൽ ഗവർണർ ഇടപെട്ട ചരിത്രമില്ല; രാഷ്ട്രീയം കളിക്കുന്നു'; എം.വി ജയരാജൻ


കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ (Priya Varghese) കണ്ണൂർ സര്‍വകലാശാലയിലെ നിയമന നടപടി മരവിപ്പിച്ച ഗവർണറിന്റെ നടപടിയ്ക്കെതിരെ വിമര്‍ശമനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ.ഒരു ഗവർണറും ഇത്തരത്തിൽ ഇടപെട്ട ചരിത്രമില്ലെന്ന് ജയരാജന്‍ പറഞ്ഞു.
ഒരാളുടെ നിയമന പ്രശ്നം മാത്രമായി കാണാനാകില്ലെന്നും തെറ്റുണ്ടെങ്കിൽ യൂണിവേഴ്സിറ്റിയോട് നടപടി എടുക്കാൻ പറയുകയാണ് വേണ്ടതെന്നും എംവി ജയരാജൻ പറഞ്ഞു. രാഷ്ട്രീയക്കാരന്റെ ഭാര്യ ആയത് കൊണ്ട് അർഹിച്ച നിയമനം നൽകില്ലെന്ന് നിലപാടെടുക്കാൻ ഗവർണർക്ക് എങ്ങനെ ഇടപെടാനാകും? ഗവർണർ രാഷ്ട്രീയം കളിക്കുന്നതാണ് ഇപ്പഴത്തെ പ്രശ്നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാരണം കാണിക്കൽ നോട്ടിസ് നൽകിയതു സ്റ്റേയ്ക്കു ശേഷം മാത്രമാണ്. ചട്ടപ്രകാരമായിരുന്നു നിയമന നടപടികളെല്ലാമെന്നും എംവി ജയരാജൻ വ്യക്തമാക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിയമന നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് ഗവർണറുടെ ഉത്തരവ്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട റാങ്ക് പട്ടികയില്‍ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ചാണ് നിയമന നടപടി മരവിപ്പിച്ച് കൊണ്ട് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ നടപടി.

കണ്ണൂര്‍ സര്‍വകലാശാലയുടെ 1996ലെ ആക്ട് പ്രകാരമാണ് നടപടി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിന്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് ഗവര്‍ണര്‍ നടപടി സ്വീകരിച്ചത്. നിയമന നടപടിയുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. നിയമനത്തെ ന്യായീകരിച്ച് കൊണ്ടുള്ള വൈസ് ചാന്‍സലറുടെ വാദങ്ങള്‍ തള്ളി കൊണ്ടാണ് ഗവര്‍ണറുടെ നടപടി.

അതേസമയം അസോസിയേറ്റ് പ്രൊഫസര്‍ നിയമന നടപടി മരവിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ ചട്ടം 7(3) വായിച്ച് ഗവര്‍ണറുടെ നടപടി നിയമവിധേയമല്ലെന്ന് വൈസ് ചാന്‍സലര്‍ പരോക്ഷമായി സൂചിപ്പിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group