Join News @ Iritty Whats App Group

സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍, അറസ്റ്റിലായവരുടെ എണ്ണം ആറായി,ഇ‌ർഷാദ് എവിടെ എന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്



കോഴിക്കോട് : പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വയനാട് സ്വദേശി സജീറാണ് അറസ്റ്റിലായത്. ഇതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇ‌ർഷാദ് എവിടെ എന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് അറസ്റ്റിലായവരുടെ മൊഴി. 

ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ക്ക് വിവരം കിട്ടിയിട്ട് ഒരു മാസം കഴിഞ്ഞു. കൊയിലാണ്ടി കടല്‍ത്തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയ സാഹചര്യത്തില്‍ ഇര്‍ഷാദിന്‍റെ മാതാപിതാക്കളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി ഇരുവരുടെയും രക്ത സാംപിള്‍ ശേഖരിച്ചു. പേരാമ്പ്ര കോടതിയുടെ അനുമതിയോടെയാണ് നടപടി. 

വിദേശത്ത് നിന്ന് കൊടുത്തുവിട്ട സ്വര്‍ണം കൈമാറാതെ കബളിപ്പിച്ച ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്നും തടവില്‍ പാര്‍പ്പിച്ച കേന്ദ്രത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ, പുഴയില്‍ ചാടി രക്ഷപ്പെട്ടെന്നുമാണ് അറസ്റ്റിലായവരുടെ മൊഴി. കഴിഞ്ഞ മാസം 15 ന് പുറക്കാട്ടിരി പാലത്തിന് മുകളില്‍ നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് വിവരം. ഇത് ശരിവയ്ക്കുന്ന ചില വിവരങ്ങള്‍ നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. കാറിലെത്തിയ സംഘത്തിലൊരാള്‍ പുഴയിലേക്ക് ചാടിയെന്നും കാർ വേഗത്തില്‍ വിട്ടു പോയെന്നുമാണ് നാട്ടുകാര്‍ നല്‍കിയ വിവരം. ഈ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം കൊയിലാണ്ടി കടപ്പുറത്ത് ഒരു യുവാവിന്‍റെ ജീര്‍ണിച്ച നിലയിലുളള മൃതദേഹം കണ്ടെത്തിയിരുന്നു. 

മേപ്പയൂര്‍ സ്വദേശിയായ മറ്റൊരു യുവാവിന്‍റെ മൃതദേഹമെന്ന നിഗമനത്തില്‍ അന്നുതന്നെ സംസ്കാരവും നടത്തി. എന്നാൽ ഇക്കാര്യത്തിൽ ബന്ധുക്കളില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്‍റെ ഫലം വരുന്ന ദിവസങ്ങളില്‍ കിട്ടും. സംസ്കരിച്ചത് മേപ്പയൂര്‍ സ്വദേശിയായ യുവാവിന്‍റെ മൃതദേഹമല്ലെന്നാണ് ഡിഎന്‍എ ഫലമെങ്കില്‍ ഇര്‍ഷാദിന്‍റെ മാതാപിതാക്കളില്‍ നിന്ന് സാംപിള്‍ സ്വീകരിച്ച് ഈ ഫലവുമായി ഒത്തു നോക്കാനാണ് നീക്കമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group