Join News @ Iritty Whats App Group

ബൈക്കുകള്‍ കൂട്ടിയിടിച്ചു ദാരുണമായി മരിച്ച യുവാക്കള്‍ക്ക് നാടിന്റെ യാത്രാമൊഴി

കണ്ണൂര്‍: കണ്ണൂര്‍ ചൊവ്വ ബൈപ്പാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു ദാരുണമായി മരിച്ച യുവാക്കള്‍ക്ക് നാടിന്റെ യാത്രാമൊഴി.

ഇരിട്ടി കീഴ്പ്പള്ളി വിയറ്റ്നാമിലെ ഇല്ലിക്കല്‍ ഹൗസില്‍ ഹാരിസ്(46) കണ്ണൂര്‍ കിഴുത്തള്ളിയിലെ അദ്വൈത്(19) എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച്ച വൈകുന്നേരം നാലുമണിയോടെ ചാലക്കുന്ന് ബൈപ്പാസില്‍ വച്ചാണ് അപകടമുണ്ടായത്. ചാലഭാഗത്തു നിന്നും വരികയായിരുന്ന ഹാരിസിന്റെ ബൈക്കും താഴെചൊവ്വഭാഗത്തുനിന്നും വന്ന അദ്വൈതിന്റെ ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരിട്ടിക്കടുത്തെ മാടത്തിലെ തട്ടുകടയിലെ തൊഴിലാളിയാണ് ഹാരിസ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ ആവശ്യാര്‍ത്ഥം ഡോക്ടറെ കണ്ടു മടങ്ങവെയാണ് ഹാരിസ് അപകടത്തില്‍പ്പെട്ടത്. കീഴ്പ്പള്ളി വിയറ്റ്നാമിലെ പരേതനായ ഇല്ലിക്കല്‍ അലിയുടെയും ആസിയയുടെയും മകനാണ്. ഏറെക്കാലമായി മാടത്തിയിലെ വാടകകെട്ടിടത്തിലാണ് ഹാരിസ് കുടുംബസമേതം താമസിച്ചുവരുന്നത്.

ഭാര്യ: ആരിഫ. മക്കള്‍: അയൂബ്, ആശിദ.മരുമകന്‍: ഷെഫീര്‍(അടയ്ക്കാത്തോട്) സഹോദരങ്ങള്‍: ഫൈസല്‍ആ ഉബൈദ്. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം കീഴ്പ്പള്ളി പുതിയങ്ങാടിജുമാസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കി. കോയമ്ബത്തൂരിലെ സ്വകാര്യ കോളേജില്‍ ബി.ടെക് പഠിക്കുകയായിരുന്ന അദ്വൈത് ഞായറാഴ്‌ച്ച വൈകുന്നേരത്തോടെ തിരിച്ചു പോകാനിരിക്കെയാണ് അപകടമുണ്ടായത്.

കോളേജിലേക്ക് പോകാന്‍ വേണ്ടുന്ന സാധനങ്ങള്‍ വാങ്ങി തിരിച്ചു പോകുംവഴിയാണ് അപകടംനടന്നത്. ന്യൂമാഹി സ്റ്റേഷനിലെ എസ്. ഐ അനിലിന്റെയും കാഞ്ഞിരോട് വില്ലേജ് ഓഫീസര്‍ സേനയുടെയുംമകനാണ് അദ്വൈത്. ചീമേനി സ്വദേശിയായ അദ്വൈതിന്റെ കുടുംബം തോട്ടട എസ്. എന്‍ കോളേജിന്റെ സമീപമുള്ള ക്വാര്‍ട്ടേഴ്സിലാണ് താമസം. ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അദ്വൈതിന്റെ മൃതദേഹം ബന്ധുക്കള്‍ ഇന്ന് ഉച്ചയോടെ ഏറ്റുവാങ്ങി.

Post a Comment

أحدث أقدم
Join Our Whats App Group