Join News @ Iritty Whats App Group

കോവിഡ് ബാധിച്ചവരിൽ ഹൃദ്രോ​ഗ്ര സാധ്യത കൂടുതലെന്ന് പുതിയ പഠനം



കോവിഡ് -19 ബാധിച്ചവരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ദി ലാൻസെറ്റിൽ  അടുത്തിടെയാണ് പഠനം പ്രസിദ്ധീകരിച്ചത്. ഒരിക്കൽ കോവിഡ് ബാധിച്ച ആളുകൾ അവരുടെ ഹൃദയാരോ​ഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം എന്നും പഠനം പറയുന്നു.
പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ

കോവിഡ്-19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിലാണ് ​ഗുരതരമായി കോവിഡ് ബാധിക്കാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കാത്തവരേക്കാൾ കൂടുതൽ ഹൃദ്രോ​ഗ സാധ്യത ഉള്ളതെന്നും പഠനം കണ്ടെത്തി. കോവിഡ് ബാധിച്ച പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയ സംബന്ധമായ ‌അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഒരുപോലെയാണ് കാണപ്പെട്ടത്. പഠനത്തിന് വിധേയമാക്കിയവരിൽ നിന്നും കണ്ടെത്തിയ വിവരങ്ങൾ അനുസരിച്ച്, കോവിഡ് ബാധിച്ച 65 വയസോ അതിനു മുകളിലോ പ്രായമായവർക്ക്, കോവിഡ് ബാധിച്ച ചെറുപ്പക്കാരേക്കാൾ മരണ സാധ്യത കൂടുതലാണ്.

2019 ജനുവരി 1 നും 2022 മാർച്ച് 31 നും ഇടയിൽ കോവിഡ് ബാധിച്ച 4,131,717 രോഗികളിലാണ് പഠനം നടത്തിയത്. കോവിഡ് -19 പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഇവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരുന്നു. കോവിഡ് -19 ബാധിച്ചവരിൽ തലച്ചോറിലെ അമിത രക്തപ്രവാഹം മൂലമുള്ള അപകട സാധ്യതകളും കണ്ടെത്തി. ഇവർക്ക് സ്ട്രോക്ക്, എട്രിയൽ ഫൈബ്രിലേഷൻ തുടങ്ങിയ അസുഖങ്ങളും, മയോകാർഡിറ്റിസ് പോലുള്ള രോ​ഗങ്ങളും ത്രോംബോബോളിക് ഡിസോർഡേഴ്സ് (ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്നത്) തുടങ്ങിയവയും ഉണ്ടാകാം എന്നും പഠനം കണ്ടെത്തി.

ഒരിക്കൽ കോവിഡ് ബാധിച്ചവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായാൽ അവർ അതിനെ അതിജീവിക്കാനുള്ള സാധ്യത കുറവാണെന്നും പഠനം കണ്ടെത്തി.

കോവിഡ് മുക്തരായ ശേഷവും നിരവധി ആളുകൾക്ക് തുടർന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഡോക്ടർമാർ ഇതിനെ ‘ലോംങ് കോവിഡ്’ എന്നാണ് വിളിക്കുന്നത്. കോവിഡിന് ശേഷമുണ്ടാകുന്ന ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബംഗളൂരുവിലെ ഫോർട്ടിസ് ഹോസ്പിറ്റൽ ഡയറക്ടറും ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. രാജ്പാൽ സിംഗുമായി ന്യൂസ് 18 മുൻപ് സംസാരിച്ചിരുന്നു. കോവിഡിന് ശേഷമുള്ള ദീർഘകാല ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും കോവിഡ് മുക്തരായ ശേഷം ആളുകൾക്കുണ്ടാകുന്ന ഹൃദയ സംബന്ധമായ സങ്കീർണതകളെക്കുറിച്ചുമാണ് ഡോക്ടർ പ്രധാനമായും സംസാരിച്ചത്
''കോവിഡ് രോഗം ഹൃദയത്തെ ബാധിക്കുന്നുണ്ട്. വൈറസിന്റെ തീവ്രമായ ആക്രമണ സമയത്താണ് രോഗികളുടെ ഹൃദയത്തെ രോഗം ബാധിക്കുന്നത്. തുടർന്ന് കോവിഡിൽ നിന്ന് മുക്തരായാലും ഇത് ഹൃദയത്തിൽ ദീർഘവും സ്ഥിരവുമായ സ്വാധീനം ചെലുത്തുമെന്നതിനും തെളിവുകളുണ്ട്. ഇത് സാധാരണയായി ഹൃദയസ്തംഭനം പെട്ടെന്നുള്ള ഹൃദയാഘാതം എന്നിവയുടെ രൂപത്തിൽ പ്രകടമാകുകയും ചെയ്യും. രക്തക്കുഴലുകളിൽ രക്തം കട്ട പിടിയ്ക്കുന്ന അവസ്ഥയ്ക്കും കാരണമാകാറുണ്ടെന്ന്'', ഡോ. സിംഗ് വ്യക്തമാക്കി. ശ്വാസം മുട്ടൽ അനുഭവപ്പെടുക, കട്ടിലിൽ നിവർന്ന് കിടക്കാൻ കഴിയാതിരിക്കുക, കാലുകളിലെ നീര് തുടങ്ങിയ ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങൾ രോഗികൾക്ക് പ്രകടമാകാറുണ്ടെന്നും ഡോക്ടർ ചൂണ്ടിക്കാട്ടിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group