Join News @ Iritty Whats App Group

രാജ്യത്തിന്‍റെ വേദനയായി അമര്‍നാഥ്; മരണ സംഖ്യ ഉയരുമെന്ന് ആശങ്ക, രക്ഷാപ്രവര്‍ത്തനം തുടരുന്നു


കശ്മീര്‍: അമർനാഥിലെ പ്രളയത്തിൽ  കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള  പരിശ്രമം തുടരുന്നു. കരസേനയും ദുരന്തനിവാരണ അതോറിറ്റിയും പൊലീസുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനം നടത്താനായി സജ്ജമായിരിക്കാൻ വ്യോമ സേനയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രളയത്തിൽ ഇതുവരെ 15 പേരാണ് മരിച്ചത്. 48 പേർക്ക് അപകടത്തിൽ പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിനായി രണ്ട് ഡോഗ് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.

കൊവിഡ് കാലത്ത് നിർത്തിവെച്ച അമർനാഥ് തീർത്ഥാടന യാത്ര ഈ ജൂൺ 30നാണ് ആരംഭിച്ചത്. മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ അകപ്പെട്ടതിൽ ഏറെയും തീർത്ഥാടകരാണ്. മരിച്ചവരില്‍ ഏഴ് പേര്‍ സ്ത്രീകളും ആറ് പുരുഷന്മാരുമാണ്. ഇതില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. നിലവില്‍ പ്രദേശത്തേക്ക് കാല്‍നട യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ക്ഷേത്രത്തില്‍ തീർത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്.

മേഘവിസ്ഫോടനത്തില്‍ മൂന്ന് ഭക്ഷണശാലകളും 25 ടെന്‍റുകളും പ്രളയത്തില്‍ തകർന്നതാണ് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയത്. അപകടത്തെ കുറിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലെഫ്റ്റനന്‍റ് ഗവർണറില്‍ നിന്ന് വിവരങ്ങള്‍ തേടി. സാധ്യമായ എല്ലാ സജ്ജീകരണങ്ങളും രക്ഷാപ്രവർ‍ത്തനത്തിനായി ഒരുക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group