Join News @ Iritty Whats App Group

പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച തങ്കം ആശുപത്രിയിൽ ചികിത്സയ്ക്കിടെ വീണ്ടും മരണം; ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു

പാലക്കാട്‌:  പാലക്കാട്‌ തങ്കം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക (27) ആണ് മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

രാത്രി ഒമ്പത് മണിയോടെ ആയിരുന്നു മരണം. മരണവിവരം ആശുപത്രി അധികൃതർ മറച്ചുവച്ചെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഈ ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രസവത്തിനിടെ നവജാത ശിശുവും, പിറ്റേന്ന് അമ്മയും മരിച്ചിരുന്നു. ആശുപത്രിക്കെതിരെ ഗുരുതര ആരോപണം നിലനിൽക്കേയാണ്, ചികിത്സയ്ക്കിടെ വീണ്ടും മരണം എന്നാരോപണം ഉയരുന്നത്. അതേസമയം, അമ്മയും കുഞ്ഞും മരിച്ചതിൽ തങ്കം ആശുപത്രിക്ക് വീഴ്ച പറ്റിയതായിട്ടാണ്ട് യുജവജന കമ്മീഷന്‍റെ പ്രാഥമിക കണ്ടെത്തൽ. അടിയന്തര സാഹചര്യത്തിൽ ഡ്യൂട്ടി ഡോക്ടറുടെ സേവനം ലഭിച്ചില്ലെന്നും ഗർഭപാത്രം നീക്കിയതും അമിത രക്തസ്രാവവും വൈകിയാണ് ബന്ധുക്കളെ അറിയിച്ചത് എന്നുമാണ് യുവജന കമ്മീഷന്റെ കണ്ടെത്തൽ.

സംഭവത്തിൽ, ചികിത്സാ പിഴവിന് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോർട്ട് സമ‍ർപ്പിക്കാൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. യുവജന കമ്മീഷൻ അംഗം ടി മഹേഷാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. കുഞ്ഞിന്റെയും അമ്മയുടേയും മരണത്തിന് കാരണം ആശുപത്രിയിലെ ഡോക്ടർമാരുടെ അശ്രദ്ധയും അനാസ്ഥയും ആണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. നടപടി ആവശ്യപ്പെട്ട് ഇവർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഡ‍ോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തത്. 

ആറ് ദിവസം മുമ്പാണ് 25കാരിയായ ഐശ്വര്യയെ തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിസേറിയൻ വേണമെന്നായിരുന്നു ഡോക്ടർമാർ ആദ്യം അറിയിച്ചത്. പിന്നീട് സാധാരണ പ്രസവം മതിയെന്നായി. കുട്ടിയെ പുറത്തെടുത്തത് വാക്വം ഉപയോഗിച്ചാണ്. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് ഐശ്വര്യയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി വരിഞ്ഞു മുറുകിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ട് റിപ്പോർട്ട്.

ഡോക്ടർമാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം ആശുപത്രിയിൽ ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോ അജിത്, ഡോ നിള, ഡോ പ്രിയദർശിനി എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. 

Post a Comment

Previous Post Next Post
Join Our Whats App Group