Join News @ Iritty Whats App Group

വിമാനത്തിലെ പ്രതിഷേധം; യൂത്ത്‌ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്


വിമാനത്തിലെ പ്രതിഷേധത്തെ തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെയുള്ള കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. തിങ്കളാഴ്ച മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് ഫര്‍സിന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വലിയതുറ സ്റ്റേഷന്‍ ഓഫീസറാണ് നോട്ടീസ് അയച്ചത്.

ജാമ്യവ്യവസ്ഥ ചൂണ്ടിക്കാട്ടി ഹാജാരാകാന്‍ കഴിയില്ലെന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറുപടി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ ജാമ്യം അനുവദിച്ച കോടതി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നെന്നും അതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നുമാണ് ഇവര്‍ അറിയിച്ചത്.

അതേസമയം വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇരുവരും അറിയിച്ചിരുന്നു. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധം വന്‍ വിവാദമായി മാറിയിരുന്നു. പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഇ പി ജയരാജന് എതിരെ കേസെടുത്തിരുന്നു. വധശ്രമം, മനഃപൂര്‍വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസെടുത്തത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പി.എ സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group