Join News @ Iritty Whats App Group

മന്ത്രി സജി ചെറിയാന്‍ രാജിവച്ചു, രണ്ടാം പിണറായി സര്‍ക്കാരി​ലെ ആദ്യ രാജി


തിരുവനന്തപുരം: മാരത്തണ്‍ ച‍ര്‍ച്ചകൾക്കുശേഷം ഒടുവിൽ ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. പത്രസമ്മേളനത്തിലാണ് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി രാജി പ്രഖ്യാപനം നടത്തിയത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സ്വന്തം തീരുമാനമാണെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ​ പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യ രാജി എന്നറിയുന്നു. മന്ത്രിയെ പരമാവധി സംരക്ഷിക്കാൻ പാര്‍ട്ടിയും മുഖ്യമന്ത്രിയും ശ്രമിച്ചെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം കര്‍ശന നിലപാട് എടുത്തതോടെ മന്ത്രി രാജിവച്ചന്നാണ് പാര്‍ട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം.

ഭരണഘടനയ്ക്കുവേണ്ടിയാണ് താനും തന്റെ പാര്‍ട്ടിയും നിലകൊളളുന്നതെന്നു പറയുമ്പോഴും മല്ലപ്പള്ളിയിലെ പ്രസംഗത്തെ തള്ളിപ്പറയാന്‍ പത്രസമ്മേളനത്തിലും മന്ത്രി തയാറായില്ല. എംഎല്‍എസ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് സജി ചെറിയാന്‍ ഉത്തരം പറഞ്ഞില്ല. ഒന്നര മണിക്കൂര്‍ ഉണ്ടായിരുന്ന തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെന്ന നിലയിൽ തുടർന്നാൽ സ്വതന്ത്രമായ അന്വേഷണത്തിനു തടസം ഉണ്ടാകും. അതിനാലാണ് രാജി വയ്ക്കുന്നത്. തന്റെ പ്രസംഗം ഭരണഘടനയ്ക്കെതിരെയുള്ള ഒന്നായി ചിത്രീകരിക്കപ്പെടുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പരാമര്‍ശത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തിലെ നിലപാട് വ്യക്തമാക്കാന്‍ തയാറായില്ല. സംസ്ഥാനത്തെ നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കട്ടെയെന്നാണ് യെച്ചൂരി പ്രതികരിച്ചത്. സംസ്ഥാന നേതാക്കളുമായി താന്‍ സംസാരിച്ചെന്നും ഉചിതമായ തീരുമാനം ഉടന്‍ ഉണ്ടാകും എന്നും യെച്ചൂരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാന്‍ രാജി പ്രഖ്യാപിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group