Join News @ Iritty Whats App Group

10% സമുദായ ക്വാട്ട ന്യൂനപക്ഷസ്കൂളുകൾക്ക് മാത്രം; സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാവിരുദ്ധം; ഹൈക്കോടതി റദ്ദാക്കി


തിരുവനന്തപുരം: ന്യൂനപക്ഷ സമുദായത്തിൽപെടാത്ത മാനേജ്‌മെൻറുകൾക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിൽ സമുദായ ക്വാട്ടയിൽ 10 ശതമാനം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നൽകണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ന്യൂനപക്ഷമല്ലാത്ത സമുദായങ്ങളുടെ സ്‌കൂളുകൾക്ക് അനുവദിച്ച പത്ത് ശതമാനം സമുദായ ക്വാട്ട ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് രാജ വിജയരാഘവനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹയർ സെക്കന്‍ഡറി പ്രവേശനത്തിന് 20 % മാനേജ്‌മെന്റ് കോട്ട അനുവദിച്ചതിന് പിന്നാലെ പിന്നോക്ക സമുദായ മാനേജ്‌മെന്റ് സ്‌ക്കൂളുകൾക്ക് 20 % സീറ്റിലും അല്ലാത്തവർക്ക് 10 % സീറ്റിലും ബന്ധപ്പെട്ട സമുദായക്കാരായ വിദ്യാർഥികൾക്ക് മെറ്റിറ്റ് സീറ്റുകളിലും സംവരണം അനുവദിക്കാനായിരുന്നു സർക്കാറിന്റെ ഉത്തരവ്.

ഈ രണ്ട് വിഭാഗത്തിലും പെടാത്ത സമുദായമേതെന്ന് പ്രഖ്യാപിക്കാതെ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് 20 % മാനേജ്‌മെന്റ് കോട്ടയിൽ ഒഴികെ മുഴുവൻ സീറ്റിലും ഓപ്പൺ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തണം എന്നും സർക്കാർ ഉത്തരവിട്ടിരുന്നു. ജൂലൈ എഴിന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.

2022 -23 പ്ലസ് വൺ പ്രവേശന പ്രോസ്പെക്ടസ് സർക്കാർ പുറത്തിറക്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് നിർദേശിച്ചിരുന്നു. ഈ ഉത്തരവും പ്രോസ്പെക്ടസും ചോദ്യം ചെയ്ത് നൽകിയ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത് . മാനേജ്മെന്‍റ് ക്വാട്ട എല്ലാ സ്കൂളുകളിലും 20 % മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും അതിലധികം വേണമെന്ന അവകാശ വാദം നിലനിൽക്കുന്നതല്ലെന്നുമായിരുന്നു സർക്കാർ നിലപാട്.

സർക്കാറിന്‍റെ നയപരമായ തീരുമാനമാണ്. അത് അംഗീകരിക്കാൻ മാനേജ്മെന്‍റുകൾ ബാധ്യസ്ഥരാണെന്നും സർക്കാർ വാദിച്ചു. എന്നാൽ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗമല്ലാത്ത മാനേജ്മെന്‍റുകൾ സംവരണ വിഭാഗക്കാരല്ലാത്ത വിദ്യാർഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് പത്ത് ശതമാനം സീറ്റിൽ പ്രവേശനം നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group