Join News @ Iritty Whats App Group

മുട്ട കോഴിയുടെ ആര്‍ത്തവ രക്തത്താല്‍ നിര്‍മ്മിതം; കുട്ടികള്‍ക്ക് കൊടുക്കരുതെന്ന് മനേകാ ഗാന്ധി

കോഴിയുടെ ആര്‍ത്തവ രക്തത്തില്‍ നിന്നാണ് മുട്ടയുണ്ടാകുന്നതെന്ന് ബിജെപി എംപിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമായ മനേക ഗാന്ധി. അതിനാല്‍ ഇത് കുട്ടികള്‍ക്ക് നല്‍കരുതെന്നും മുട്ടയെ ഒരു ഭക്ഷ്യവസ്തുവായി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തണമെന്നും അവര്‍ പറഞ്ഞു. ഹൈദരാബാദില്‍ ജൈന സേവാസംഘം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ചപ്പോഴാണ് മനേക ഗാന്ധി ഇക്കാര്യം പറഞ്ഞത്.

കുട്ടികള്‍ മുട്ടകഴിക്കുന്നില്ലെന്ന് മുതിര്‍ന്നവര്‍ ഉറപ്പു വരുത്തണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മനേക ഗാന്ധിയുടേത് അശാസ്ത്രീയമായ വാദമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചില ജീവികളില്‍ പ്രധാനമായും സസ്തനികളില്‍ മാത്രമാണ് ആര്‍ത്തവമുള്ളത്. കോഴികളില്‍ ആര്‍ത്തവ പ്രക്രിയ നടക്കുന്നില്ലെന്നുമാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

തുറസ്സായ സ്ഥലത്ത് മീന്‍ വില്‍ക്കുന്നതിനെതിരെയും മാംസത്തിന്റെ പ്രദര്‍ശനം, എയര്‍ കണ്ടീഷനിംഗും ഗ്ലാസ് ചുമരുമില്ലാത്ത ഔട്ട്ലെറ്റുകളിലെ ഇറച്ചി വില്‍പന, തുറസ്സായ സ്ഥലത്ത് മൃഗങ്ങളെ കശാപ്പ് ചെയ്യല്‍ എന്നീ കാര്യങ്ങള്‍ നിയമവിരുദ്ധമാണെന്നും മനേകാ ഗാന്ധി പറഞ്ഞു.
അതേസമയം കോഴിമുട്ടയെ കുറിച്ചുള്ള മനേകാ ഗാന്ധിയുടെ പരാമര്‍ശത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക പരിഹാസമാണ് ഉയരുന്നത്. ആര്‍ത്തവമുള്ള കോഴിക്ക് ഇനി മറ്റെന്തിലും വിലക്കുകളുണ്ടായേക്കും എന്ന തരത്തിലാണ് പരിഹാസങ്ങള്‍.

നേരത്തെ ഉച്ച ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തിയതിന് എതിരെ കര്‍ണാടകയില്‍ ഓള്‍ ഇന്ത്യ വെജിറ്റേറിയന്‍ ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മുട്ടക്ക് പോഷക ഗുണം ഏറെയുണ്ടെന്നും വിശ്വാസത്തിന്റെ പേരില്‍ ഭക്ഷണത്തില്‍ നിന്ന് അത് മാറ്റി നിര്‍ത്തുന്നത് തെറ്റാണെന്നും വിദഗ്ധര്‍ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group