Join News @ Iritty Whats App Group

ഉമ്മൻ ചാണ്ടിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ശരിയായ നടപടിയല്ല, ഉണ്ണിത്താന്റെ വിമർശനത്തിൽ എ ഗ്രൂപ്പിന് അതൃപ്തി; കോൺഗ്രസിൽ പോര് മുറുകുന്നു

ഉമ്മൻ ചാണ്ടിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ശരിയായ നടപടിയല്ല, ഉണ്ണിത്താന്റെ വിമർശനത്തിൽ എ ഗ്രൂപ്പിന് അതൃപ്തി; കോൺഗ്രസിൽ പോര് മുറുകുന്നു


ഷാഫി പറമ്പിലിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ വിമർശനങ്ങളിൽ എ ഗ്രൂപ്പിന് കടുത്ത അതൃപ്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ശരിയായ നടപടിയല്ലെന്നാണ് ഗ്രൂപ്പിന്റെ നിലപാട്. ഉമ്മൻ ചാണ്ടിയുടെ കുടുംബം കൂടി വിഷയത്തിൽ പ്രതികരിച്ച പശ്ചാത്തലത്തിൽ കരുതലോടെ നീങ്ങാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം. മുഖ്യമന്ത്രിക്കുവേണ്ടിയാണ് ഉണ്ണിത്താൻ വിമർശനവുമായി രംഗത്തെത്തിയതെന്നാണ് എ ഗ്രൂപ്പിന്റെയും കെസി പക്ഷത്തിന്റെയും വിലയിരുത്തൽ.

അതേസമയം, എ ഗ്രൂപ്പിന്റെ ഡൽഹി നീക്കങ്ങളാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിഡി പക്ഷത്തിന്റെ ആരോപണം. ഗ്രൂപ്പ് തലത്തിലുള്ള ഇടപെടലുകൾ കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്നും ഇവർ കരുതുന്നു. എ ഗ്രൂപ്പിന്റെ നീക്കങ്ങൾക്ക് പിന്നിൽ കെസി ഗ്രൂപ്പാണെന്ന സംശയവും വിഡി പക്ഷത്തിനുണ്ട്.

കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ പരസ്യപ്രതികരണങ്ങളിലേക്ക് നീങ്ങുന്നത് ഒഴിവാക്കാൻ കെപിസിസി നേതൃത്വം ഇടപെട്ടിട്ടുണ്ട്. ആഭ്യന്തര വിഷയങ്ങളിൽ തുടർ പ്രതികരണങ്ങൾ നടത്തരുതെന്ന് രാജ്‌മോഹൻ ഉണ്ണിത്താന് നിർദേശം നൽകി. ഷാഫി പറമ്പിലും പരസ്യമായി മറുപടി നൽകേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

കോൺഗ്രസിലെ ഗ്രൂപ്പ് പോരും യുഡിഎഫിലെ അസ്വാരസ്യങ്ങളും തുടരുന്നതിനിടെ ഇന്ന് മന്ത്രിസഭാ യോഗം ചേരും. പാർട്ടിയിലും മുന്നണിയിലും നിലനിൽക്കുന്ന തർക്കങ്ങളിൽ മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. പ്രശ്നങ്ങൾ അനാവശ്യമായി പെരുപ്പിച്ചുകാട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് വിഡി പക്ഷത്തിന്റെ വിലയിരുത്തൽ. അതേസമയം, സ്വന്തം നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ വിവിധ ഗ്രൂപ്പുകളും മുന്നണി കക്ഷികളും മുന്നോട്ടുപോകുന്നത് നേതൃത്വത്തിന് വെല്ലുവിളിയാകുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group