ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്ല, ഉള്ളത് കോടിക്കണക്കിന് ബാലറ്റ് പേപ്പറുകള്‍: മണിക്കൂറുകള്‍ക്കകം എണ്ണിത്തീര്‍ത്ത യുഎസ് മാന്ത്രികത
ഇന്നലെയാണ് അമേരിക്കയില്‍ ഇടക്കാല തിരഞ്ഞടുപ്പ് നടന്നത്. കോടിക്കണക്കിന് പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് പൂർത്തിയായി മണിക്കൂറുകള്‍ക്കകം തന്നെ ഫലവും പുറത്തുവന്നു.
ഇന്ത്യയെപ്പോലെ വോട്ടിംഗ് രേഖപ്പെടുത്താൻ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളല്ല (ഇവിഎം) യുഎസ് ഉപയോഗിക്കുന്നത്. പകരം ബാലറ്റ് പേപ്പറുകളാണ്. എന്നിട്ടും എങ്ങനെയാണ് ഇത്രയുംപെട്ടെന്ന് അമേരിക്ക കോടിക്കണക്കിന് ബാലറ്റ് പേപ്പറുകള്‍ എണ്ണിതീർത്ത് ഫലം പ്രഖ്യാപിച്ചതെന്ന് ചിന്തിച്ചിട്ടുണ്ടോ?.
അടുത്തിടെ ഇന്ത്യയില്‍ ബീഹാർ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വെറും 69,141 ബാലറ്റ് പേപ്പറുകള്‍ എണ്ണാൻ 57 മണിക്കൂറോളം സമയമെടുത്തിരുന്നു. എന്നാല്‍ 10 കോടിയിലധികം വരുന്ന ബാലറ്റ് പേപ്പറുകളാണ് അമേരിക്ക വളരെ വേഗത്തില്‍ എണ്ണിത്തീർക്കുന്നത്. ഇത്ര വേഗത്തില്‍ യുഎസ് വോട്ടെണ്ണല്‍ സാദ്ധ്യമാക്കുന്നത് എങ്ങനെയാണെന്ന് പരിശോധിക്കാം.
വോട്ട് പേപ്പറിലെങ്കിലും എണ്ണുന്നത് മെഷീൻ
ഇന്ത്യയില്‍ ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇവിഎമ്മില്‍ സ്ഥാനാർത്ഥികളുടെ ഫോട്ടോയും പേരും ചിഹ്നവും നല്കിയിട്ടുണ്ടാകും. ഇതിന് നേരയുള്ള ബട്ടണ്‍ അമർത്തിയാണ് വോട്ട് രേഖപ്പെടുത്തുന്നത്. എന്നാല്‍ യുഎസില്‍ വോട്ടർമാർ ബാലറ്റ് പേപ്പറില്‍ തങ്ങള്‍ക്കിഷ്ടമുള്ള സ്ഥാനാർത്ഥിയുടെ പേരിന് നേരെയുള്ള ബോക്സില്‍ പേനകൊണ്ട് അടയാളപ്പെടുത്തുന്നു. തുടർന്ന് ഈ ബാലറ്റ് പേപ്പർ പോളിംഗ് ബൂത്തിലോ കൗണ്ടിംഗ് സെന്ററിലോ ഉള്ള സ്കാനിംഗ് മെഷീനിലേക്ക് കടത്തിവിടുന്നു. ഈ ഇലക്ട്രോണിക് സ്കാനർ ബാലറ്റിലെ അടയാളങ്ങള്‍ സ്വയം മനസിലാക്കി സ്ഥാനാർത്ഥിയുടെ വോട്ട് കണക്കിലേക്ക് ഉടൻ തന്നെ ചേർക്കുന്നു. വലിയ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മണിക്കൂറില്‍ ആയിരക്കണക്കിന് ബാലറ്റ് പേപ്പറുകള്‍ സ്കാൻ ചെയ്യാൻ ശേഷിയുള്ള അതിവേഗ മെഷീനുകളാണ് യുഎസ് ഉപയോഗിക്കുന്നത്.
വോട്ടെടുപ്പിന് മുൻപേ തയ്യാറെടുപ്പുകള്‍
വേഗത്തിലുള്ള ഫലപ്രഖ്യാപനത്തിന് പിന്നിലെ മറ്റൊരു പ്രധാന കാരണം വോട്ടെടുപ്പിന് ദിവസത്തിന് മുമ്പായി മിക്ക ജോലികളും ആരംഭിക്കുന്നു എന്നതാണ്.മാത്രമല്ല യുഎസില്‍ മുൻകൂട്ടി വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ട്. തപാല്‍ വഴിയോ നിശ്ചയിക്കപ്പെട്ടിരിക്കുന്ന പോളിംഗ് സ്റ്റേഷൻ വഴിയോ വോട്ടർമാർക്ക് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുൻപ് തന്നെ വോട്ടെ ചെയ്യാം.
ഇത്തവണ നവംബർ 3ന് മുൻപ് തന്നെ 5.7 കോടിയിലധികം ആളുകള്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. വോട്ടെടുപ്പ് ദിവസത്തിന് മുൻപ് തന്നെ ഈ ബാലറ്റ് പേപ്പർ കവറുകള്‍ തുറന്ന് വോട്ടർമാരുടെ വിവരങ്ങള്‍ ഉറപ്പുവരുത്തി സ്കാനിംഗിനായി സജ്ജമാക്കാൻ ഭൂരിഭാഗം സംസ്ഥാനങ്ങളിലും നിയമപരമായ അനുമതിയുണ്ട്. ചില സംസ്ഥാനങ്ങളില്‍ സ്കാനിംഗ് പോലും നേരത്തെ പൂർത്തിയാക്കാമെങ്കിലും ഫലം പുറത്തുവിടുന്നത് വോട്ടെടുപ്പ് അവസാനിച്ച ശേഷമായിരിക്കും.
പതിനായിരത്തിലധികം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
യുഎസിലുടനീളം നഗരങ്ങള്‍, ടൗണുകള്‍ എന്നിവ അടിസ്ഥാനമാക്കി പതിനായിരത്തിലധികം പ്രാദേശിക കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആയിരക്കണക്കിന് കൗണ്ടിംഗ് ടീമുകള്‍ ഒരേസമയം മെഷീനുകളുടെ സഹായത്തോടെ വോട്ടുകള്‍ എണ്ണുകയും ഫലങ്ങള്‍ തത്സമയം അധികൃതരെ അറിയിക്കുകയും ചെയ്യുന്നു. ഇതാണ് പെട്ടെന്ന് ഫലം പ്രഖ്യാപിക്കുന്നതിന്റെ മറ്റൊരു പ്രധാനപ്പെട്ട കാരണം.
മാദ്ധ്യമങ്ങള്‍ നേരത്തെ വിജയിയെ പ്രഖ്യാപിക്കുന്നത് എങ്ങനെ?
വോട്ടെണ്ണല്‍ പൂർണമായി അവസാനിക്കുന്നതിന് മുൻപ് തന്നെ അസോസിയേറ്റഡ് പ്രസ് (എപി) പോലുള്ള വാർത്താ ഏജൻസികള്‍ വിജയികലെ പ്രവചിക്കാറുണ്ട്. നിലവില്‍ എണ്ണിയ വോട്ടുകളും ഇനി എണ്ണാനുള്ള വോട്ടുകളുടെ എണ്ണവും അവ ഏത് മേഖലയില്‍ നിന്നുള്ളതാണെന്നും കൃത്യമായി വിശകലനം ചെയ്താണ് വിജയിച്ച സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കുന്നത്.
ഉദാഹരണത്തിന്, ഒരു സ്ഥാനാർത്ഥി 1,00,000 വോട്ടുകള്‍ക്ക് മുന്നിലാണെങ്കില്‍ ഇനി എണ്ണാൻ വെറും 20,000 വോട്ടുകള്‍ മാത്രമാണ് ബാക്കിയുള്ളതെങ്കില്‍ എതിർ സ്ഥാനാർത്ഥിക്ക് ജയിക്കാൻ കഴിയില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക ഫലം വരുന്നതിന് മുൻപ് തന്നെ മാദ്ധ്യമങ്ങള്‍ വിജയികളെ പ്രഖ്യാപിക്കുന്നത്. വോട്ട് ചെയ്യുന്നത് ബാലറ്റ് പേപ്പറിലാണെങ്കിലും കമ്പ്യൂട്ടർ സ്കാനറുകളുടെ സഹായത്തോടെയുള്ള വോട്ടെണ്ണലും വോട്ടെണ്ണലിന് മുൻപുള്ള വൻ തയ്യാറെടുപ്പുകളുമാണ് യുഎസില്‍ മണിക്കൂറുകള്‍ക്കകം ഫലമറിയാൻ സഹായിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.
Post a Comment