Join News @ Iritty Whats App Group

‘സിജെപിയുടെ ഭാഗമായതിന്റെ പേരിലാണ് താൻ വേട്ടയാടപ്പെടുന്നത്, ഓക്സ്ഫോർഡ് സർവകലാശാലയിലേക്കുള്ള തന്റെ യാത്ര കേന്ദ്രസർക്കാർ തടയുന്നു’; സൗരവ് ദാസ്

‘സിജെപിയുടെ ഭാഗമായതിന്റെ പേരിലാണ് താൻ വേട്ടയാടപ്പെടുന്നത്, ഓക്സ്ഫോർഡ് സർവകലാശാലയിലേക്കുള്ള തന്റെ യാത്ര കേന്ദ്രസർക്കാർ തടയുന്നു’; സൗരവ് ദാസ്


ഓക്സ്ഫോർഡ് സർവകലാശാലയിലേക്കുള്ള തന്റെ യാത്ര കേന്ദ്രസർക്കാർ തടയുകയാണെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) വക്താവ് സൗരവ് ദാസ്. യാത്രയ്ക്ക് പുറപ്പെടാൻ അഞ്ച് മണിക്കൂർ മാത്രം ശേഷിക്കെ പൊലീസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും സിജെപിയുടെ ഭാഗമായതിന്റെ പേരിലാണ് താൻ വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്നും സൗരവ് പറഞ്ഞു.

സിജെപിയെക്കുറിച്ച് സംസാരിക്കാനായിരുന്നു ഓക്സ്ഫോർഡിലെ പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ യാത്ര തടയാൻ ബോധപൂർവമായ നീക്കമാണ് നടക്കുന്നത്. ഇതിന് മുൻപ് നോർവേ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ യാത്ര ചെയ്തപ്പോൾ ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഇപ്പോൾ രാഷ്ട്രീയ നിലപാടിന്റെ പേരിൽ തന്നെ മാത്രമല്ല കുടുംബത്തെയും ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പരിപാടിയിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കുന്ന കാര്യം പരിഗണനയിലാണെന്നും വ്യക്തമാക്കി.

രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് സൗരവ് കുറ്റപ്പെടുത്തി. ജന്തർ മന്തറിലോ രാംലീലയിലോ പരിപാടികൾ സംഘടിപ്പിക്കാൻ പോലും കഴിയുന്നില്ല. സിജെപിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ മെറ്റ നീക്കം ചെയ്യുകയാണെന്നും ആരോപിച്ചു. UAPA, PMLA തുടങ്ങിയ നിയമങ്ങൾക്കു പുറമേ മറ്റ് മാർഗങ്ങളിലൂടെയും സർക്കാർ നിയന്ത്രണം നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 56 ഇഞ്ച് നെഞ്ചളവിനെ പരാമർശിച്ച സൗരവ്, തന്നെപ്പോലുള്ളവരെ ഭയപ്പെടേണ്ട സാഹചര്യമാണോ ഇതെന്നും ചോദിച്ചു.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സൗരവ് ഉന്നയിച്ചു. മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് എവിടെയെന്നും ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദം നേടിയെന്ന അവകാശവാദത്തിന്റെ രേഖകൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്സി എന്നിവരുടെ പേരുകൾ പരാമർശിച്ച അദ്ദേഹം, രാജ്യത്തെ യുവാക്കൾക്ക് വാഗ്ദാനം ചെയ്ത തൊഴിലുകൾ എവിടെയെന്നും ചോദിച്ചു. വിഷയത്തിൽ കോടതിയെ സമീപിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

ഇന്ത്യ ബിജെപിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും നവംബർ 26ന് നടക്കുന്ന പ്രതിഷേധത്തിൽ സിജെപിയും പങ്കുചേരുമെന്നും സൗരവ് പറഞ്ഞു. 365 ദിവസവും പ്രതിഷേധം നടത്തുക സാധ്യമല്ല. ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് പാർട്ടിയെന്നും സംഘടനാപരമായി സിജെപി ശക്തിപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group