Join News @ Iritty Whats App Group

നിര്‍ണായകമായത് അമ്മയെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തുന്നത് നേരില്‍ കണ്ട അന്നത്തെ അഞ്ചുവയസ്സുകാരന്‍ മകന്റെ മൊഴി; ഇരിട്ടി ശോഭ കൊലക്കേസില്‍ പ്രതി മഞ്ജുനാഥിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും; അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ പ്രശംസ; സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്ന് നിര്‍ദ്ദേശം

നിര്‍ണായകമായത് അമ്മയെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തുന്നത് നേരില്‍ കണ്ട അന്നത്തെ അഞ്ചുവയസ്സുകാരന്‍ മകന്റെ മൊഴി; ഇരിട്ടി ശോഭ കൊലക്കേസില്‍ പ്രതി മഞ്ജുനാഥിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും; അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ പ്രശംസ; സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്ന് നിര്‍ദ്ദേശം


കണ്ണൂര്‍: ഇരിട്ടി ശോഭ കൊലപാതക കേസില്‍ പ്രതിയായ രണ്ടാം ഭര്‍ത്താവ് കര്‍ണാടക തിമ്മ രാജനഹള്ളി സ്വദേശി മഞ്ജുനാഥിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി.

പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. കേസില്‍ മികച്ച അന്വേഷണം നടത്തിയ അന്നത്തെ പ്രൊബേഷന്‍ എസ്.ഐയും ഇപ്പോള്‍ തൃശൂര്‍ ഈസ്റ്റ് സി.ഐയുമായ അന്‍ഷാദിനെ കോടതി പ്രത്യേകം അഭിനന്ദിക്കുകയും അദ്ദേഹത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ശക്തമായ വാദം നടത്തിയ പ്രോസിക്യൂട്ടറെയും പോസ്റ്റ്മോര്‍ട്ടം നടത്തിയ സര്‍ജന്‍ എസ്. ഗോപാലകൃഷ്ണനെയും കോടതി പ്രശംസിച്ചു. നാടോടി സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വിധി പ്രസ്താവിക്കവെ കോടതി മുന്നറിയിപ്പ് നല്‍കി.

2017 ജനുവരി 21-നാണ് ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാടോടി സ്ത്രീയായ ശോഭയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിട്ടിയില്‍ രണ്ട് മക്കളോടൊപ്പം ടെന്റ് കെട്ടി താമസിച്ചുവരികയായിരുന്ന ശോഭയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയ ശേഷം മഞ്ജുനാഥ് കിണറ്റില്‍ തള്ളിയിടുകയായിരുന്നു. ശോഭയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കിണറ്റിലിട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

അമ്മയെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തുന്നത് നേരില്‍ കണ്ട അന്നത്തെ അഞ്ചുവയസ്സുകാരന്‍ മകന്റെ മൊഴിയാണ് കേസില്‍ ഏറ്റവും നിര്‍ണ്ണായകമായത്. കൊലപാതകത്തിന് പിറ്റേദിവസം ശോഭയുടെ ആദ്യ വിവാഹത്തിലെ രണ്ട് പിഞ്ചുകുട്ടികളെയും കൂട്ടി കടന്നുകളഞ്ഞ മഞ്ജുനാഥ്, മൈസൂരു വഴി ബെംഗളൂരുവിലെത്തുകയും അവിടെനിന്ന് മുംബൈയിലേക്കുള്ള തീവണ്ടിയില്‍ കുട്ടികളെ ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. കേസില്‍ മൂന്നാം സാക്ഷിയായ ഇപ്പോള്‍ 15 വയസ്സുള്ള മകന്‍ കോടതിക്ക് മുന്‍പാകെ നല്‍കിയ മൊഴി ഏവരെയും വേദനിപ്പിക്കുന്നതായിരുന്നു. 'അമ്മയെ അന്വേഷിച്ച് അനിയത്തി കരഞ്ഞു. തീവണ്ടിയില്‍ കയറ്റി ബാത്ത്റൂമിന്റെ സൈഡില്‍ എന്നെയും അനിയത്തിയെയും ബെഡ്ഷീറ്റ് വിരിച്ച് കിടത്തി അയാള്‍ പോയി. അനിയത്തി വിശന്നു കരഞ്ഞപ്പോള്‍ ഒരു ആന്റി വന്നു ഭക്ഷണം തന്നു. പിറ്റേദിവസം അവര്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി പൊലീസ് ഹോസ്റ്റലിലാക്കി. എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് സംഭവം' എന്നായിരുന്നു കുട്ടിയുടെ മൊഴി.

കേസിലെ പ്രധാന വഴിത്തിരിവായ കുട്ടികളെ കണ്ടെത്തിയത് അന്നത്തെ അന്വേഷണ സംഘത്തിലെ പ്രൊബേഷന്‍ എസ്.ഐ ആയിരുന്ന അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. മുംബൈയില്‍ ചെന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. ഈ കുട്ടികളെ ഇപ്പോഴും സംരക്ഷിക്കുന്നത് സി.ഐ അന്‍ഷാദ് തന്നെയാണ്.

കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 2017 ഫെബ്രുവരി 21-ന് മഞ്ജുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ മറ്റൊരു ക്രൂരകൊലപാതകത്തിന്റെ ചുരുളും അഴിഞ്ഞിരുന്നു. 2015 ഡിസംബറില്‍ ശോഭയുടെ ആദ്യ ഭര്‍ത്താവ് രാജുവിനെ മഞ്ജുനാഥും ശോഭയും ചേര്‍ന്ന് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി വനത്തില്‍ കൊണ്ടുപോയി കത്തിച്ചിരുന്നു. ഈ കൊലപാതക വിവരം പൊലീസിനോട് വെളിപ്പെടുത്തുമെന്ന് ശോഭ ഭീഷണിപ്പെടുത്തിയതാണ് അവരെ വകവരുത്താന്‍ മഞ്ജുനാഥിനെ പ്രേരിപ്പിച്ചത്. ശോഭയുടെ കൊലപാതകവും കുട്ടികളുടെ തിരോധാനവും പ്രമേയമാക്കി 'ഉയിര്‍' എന്ന പേരില്‍ പിന്നീട് ചലച്ചിത്രവും പുറത്തിറങ്ങിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group