Join News @ Iritty Whats App Group

കണ്ണൂരില്‍ നിന്നും ഭജനയ്ക്കെത്തിയ യുവതിയെ ചോറ്റാനിക്കരയില്‍ കൊലപ്പെടുത്തിയ ഇരട്ട സഹോദരി അറസ്റ്റില്‍

കണ്ണൂരില്‍ നിന്നും ഭജനയ്ക്കെത്തിയ യുവതിയെ ചോറ്റാനിക്കരയില്‍ കൊലപ്പെടുത്തിയ ഇരട്ട സഹോദരി അറസ്റ്റില്‍


ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ഭജനയ്‌ക്കെത്തിയ കണ്ണൂർ സ്വദേശിനിയെ കൊലപ്പെടുത്തിയ ഇരട്ട സഹോദരി അറസ്റ്റില്‍.

കണ്ണൂർ കുടിലില്‍ തലമുണ്ട കറുവ സവിത (45) ആണ് കൊല്ലപ്പെട്ടത്. കേസില്‍ ഇരട്ട സഹോദരി സജിതയെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. സത്രത്തിലെ മുറിയില്‍ ബുധനാഴ്ചയാണ് സവിതയുടെ മൃതദേഹം കണ്ടെത്തിയത്.

ശ്വാസംമുട്ടിയാണു മരണമെന്നു പോസ്റ്റ്‌മോർട്ടത്തില്‍ തെളിഞ്ഞതോടെയാണ് കരുതല്‍ തടങ്കലിലുണ്ടായിരുന്ന സജിതയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

സവിതയുടെ തല ഭിത്തിയിലിടിച്ചതായും മുഖത്ത് വെള്ളമൊഴിച്ച്‌ ശ്വാസം മുട്ടിച്ചതായും സജിത പൊലീസിന് മൊഴി നല്‍കി. കൊലപാതകത്തിന് വ്യക്തമായ മറ്റ് കാരണങ്ങളൊന്നും പറയാൻ പ്രതി തയ്യാറായിട്ടില്ല; 'കൊല്ലണമെന്ന് തനിക്ക് തോന്നി' എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

ഒക്ടോബർ 29-നാണ് സവിതയും സജിതയും സഹോദരൻ സുധീർ കുമാറിനൊപ്പം ചോറ്റാനിക്കരയില്‍ ഭജനയ്ക്കെത്തിയത്. സത്രത്തിലെ ഒരു മുറിയിലായിരുന്നു മൂവരും താമസിച്ചിരുന്നത്. സഹോദരിമാർ തമ്മിലുണ്ടായ തർക്കവും ആക്രമണവും താൻ അറിഞ്ഞില്ലെന്നും ഉറക്കത്തിലായിരുന്നെന്നുമാണ് സുധീർ നല്‍കിയ മൊഴി. കൊലപാതകം നടന്ന മുറി വൃത്തിയാക്കിയ നിലയിലായിരുന്നു.

ബുധനാഴ്ച രാവിലെ സവിത കട്ടിലില്‍ നിന്നു താഴെ വീണുകിടക്കുകയാണെന്നും അനക്കമില്ലെന്നും സുധീറാണ് സത്രം ജീവനക്കാരെ അറിയിച്ചത്. ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ മുറിവുകളും കടിയേറ്റ പാടുകളും കണ്ടതോടെ സംശയം തോന്നിയ പൊലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ഇൻസ്പെക്ടർ കെ.ആർ. ബിജു, എസ്.ഐമാരായ നന്ദു എസ്. നായർ, പൗലോസ്, സുനില്‍ സാമുവല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മൃതദേഹം ഇന്ന് രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് സംസ്‌കരിക്കും.

പരേതനായ കുറുവ കുഞ്ഞിക്കണ്ണന്റെയും തേമ്പാരി നളിനിയുടെയും മകളാണ് കൊല്ലപ്പെട്ട സവിത. ഭർത്താവ്: സജിത്ത്. മക്കള്‍: സച്ചിൻ, സാരംഗ്.

Post a Comment

Previous Post Next Post
Join Our Whats App Group