'ഒരു വർഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തിയിലും ഇടപെടാൻ പാടില്ല', അഭിജീത് ദീപ്കെയ്ക്ക് കർശന ഉപാധികളോടെ ജാമ്യം, വിട്ടയച്ചു
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'തിരംഗ യാത്ര'യിൽ പങ്കെടുക്കാനിറങ്ങവെ ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ജാമ്യം. കോടതിയിൽ ഹാജരാക്കിയ ദീപ്കെയെ കർശന ഉപാധികളോടെയാണ് ദില്ലി പൊലീസ് വിട്ടയച്ചത്. ഒരു വർഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തിയിലും ഇടപെടാൻ പാടില്ലെന്നുള്ള പീസ് ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നൽകിയത്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂർ പിന്നിടുമ്പോഴാണ് ദീപ്കെയ്ക്ക് ജാമ്യം ലഭിച്ചത്. കൊണാട്ട് പ്ലേസ് സെൻട്രല് പാര്ക്കിലെ പ്രതിഷേധത്തിനിറങ്ങിയ ദീപ്കെയെ ജണ്ടേവാലയിലെ സുഹൃത്തിന്റെ വീട്ടില് വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരംഗ മാർച്ചിൽ പങ്കെടുക്കരുതെന്ന് കാട്ടി പൊലീസ് ദീപ്കെയ്ക്ക് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ പത്തിന് ജന്തർ മന്തർ മാർച്ചിനായി ദില്ലിയിലെത്തിയ ദീപ്കെയും ഒപ്പമുണ്ടായിരുന്ന സി ജെ പി നേതാക്കളായ സൗരവ് ദാസിനെയും അഷുതോഷ് റാങ്കയെയും വിമാനത്തില് വച്ച് അറസ്റ്റ് ചെയ്തതോടെ പ്രതിഷേധത്തില് പങ്കെടുക്കാന് കഴിഞ്ഞിരുന്നില്ല. കർശന ഉപാധികളോടെയാണ് അന്ന് കോടതി ദീപ്കെ അടക്കമുള്ളവർക്ക് ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ സംഭവങ്ങൾ. അതേസമയം ഇന്നലെ ദീപ്കെയ്ക്കൊപ്പം കസ്റ്റഡിയിലായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്റ് നേഹാ ബോറയെ ഇന്ന് രാവിലെ വിട്ടയച്ചിരുന്നു.
പ്രതിഷേധം ആളിക്കത്തിയ 'തിരംഗ യാത്ര'
അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളാൽ രാജ്യതലസ്ഥാനം ഇന്നലെയും സമര-സംഘർഷ ഭൂമിയായി. കോക്ക്റോച്ച് ജനത പാർട്ടി (സി ജെ പി) പ്രഖ്യാപിച്ച 'തിരംഗ യാത്ര'യും ഇതിനൊപ്പം തന്നെ എസ് എഫ് ഐ, ഡി വൈ എഫ് ഐ, ഐസ, എ ഐ എസ് എഫ്, എ ഐ വൈ എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളും പൗരാവകാശ പ്രവർത്തകരും ഒഴികിയെത്തിയതോടെ ദില്ലി സംഘർഷഭരിതമായി. ദീപ്കെയും നേഹയും കസ്റ്റഡിയിലായെങ്കിലും പൊലീസ് വിലക്ക് ലംഘിച്ച് കൊണാട്ട് പ്ലേസിലും സെൻട്രൽ പാർക്കിലും മിന്നൽ പ്രതിഷേധങ്ങളുമായി പ്രവർത്തകർ തെരുവിലിറങ്ങി. കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്ന സെൻട്രൽ പാർക്കിലേക്ക് കടക്കാൻ ശ്രമിച്ചവരെ പൊലീസ് തടയുകയും പലരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സി ജെ പിയുടെ സമരത്തിന് പിന്തുണയുമായി ആം ആദ്മി പാർട്ടിയും ഇടത് സംഘടനകളും അണിനിരന്നതോടെ റോഡിൽ നൂറുകണക്കിന് ആളുകൾ ദേശീയ പതാകയുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കാൻ പൊലീസ് ശ്രമിച്ചതാണ് ഒടുവിൽ വൻ സംഘർഷത്തിന് വഴിതുറന്നത്. തടസ്സങ്ങളും കസ്റ്റഡി നടപടികളും മറികടന്ന് വൻ പ്രതിഷേധ പ്രകടനങ്ങളാണ് നഗരമധ്യത്തിൽ അരങ്ങേറിയത്.
Post a Comment