ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം; മുംബൈയിൽ ‘ജയിൽ നിറയ്ക്കൽ’ സമരം, ഡൽഹിയിൽ പ്രതിഷേധം സംഘർഷത്തിൽ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) ‘ജയിൽ നിറയ്ക്കൽ സമരം’ മുംബൈയിൽ ആരംഭിച്ചു. ശിവാജി പാർക്കിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ പ്രതിഷേധത്തിനെത്തുകയായിരുന്നു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഡൽഹിയിലെ ഇടത് സംഘടനകളുടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. ജന്തർ മന്ദറിൽ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, എം.പി എ.എ. റഹീം, ജെയ്ക്ക് സി. തോമസ് എന്നിവരടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരും പ്രതിഷേധത്തിൽ സജീവമായിരുന്നു.
പ്രതിഷേധം ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജന്തർ മന്ദറിന് ചുറ്റുമുള്ള മേഖലയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. പ്രദേശത്തെ നിരവധി റോഡുകൾ അടച്ചതോടൊപ്പം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 11 മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചതായും റിപ്പോർട്ടുണ്ട്. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്ന് സി.ജെ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുംബൈയിൽ ആരംഭിച്ച സമരം മറ്റ് നഗരങ്ങളിലേക്കും പിന്നീട് ഡൽഹിയിലെ ജന്തർ മന്ദറിലേക്കും വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. വോട്ടർപട്ടികയിലെ പരിഷ്കരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിലെ സുതാര്യതയും ഉയർത്തിക്കാട്ടിയാണ് സി.ജെ.പി പ്രതിഷേധം നടത്തുന്നത്.
Post a Comment