ശിവസൂര്യയുടെ തിരോധാനം; പ്രാഥമിക അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്
ചൊക്ലിയിലെ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ശിവസൂര്യയുടെ അച്ഛൻ ജിഗീഷിന്റെ മൊഴി രേഖപ്പെടുത്തി. ആക്ഷൻ കമ്മിറ്റി ഭാരവാഹികളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് പ്രാഥമിക പരിശോധന നടത്തിയത്.
കഴിഞ്ഞ മാസം എട്ടിനാണ് ശിവസൂര്യയെ വീട്ടിൽനിന്ന് കാണാതായത്. കാശിയിലേക്ക് പോകുകയാണെന്ന് എഴുതിയ കുറിപ്പ് വീട്ടിൽ വെച്ചിരുന്നു. തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. ശിവസൂര്യയെ കണ്ടെത്താനായി വാരണാസിയിലെത്തിയ പൊലീസ് സംഘവും ഒരാഴ്ചത്തെ പരിശോധനയ്ക്കുശേഷം വിവരങ്ങളൊന്നും ലഭിക്കാതെ മടങ്ങുകയായിരുന്നു. മലയാളി അസോസിയേഷൻ പ്രവർത്തകരും തിരച്ചിലിൽ സഹായിച്ചിരുന്നു.
ചൊക്ലി എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് നേരത്തേ കേസ് അന്വേഷിച്ചിരുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായി പരിശോധന നടത്തിയെങ്കിലും ശിവസൂര്യയെ കണ്ടെത്താനായില്ല. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടത്. തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു.
Post a Comment