ഗ്യാനേഷ് കുമാർ രാജിവെക്കണം; ഗാന്ധിജയന്തി ദിനത്തിൽ രാജ്യ തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച് യുവജന സംഘടനകളുടെ സമരം, സമരം കടുപ്പിക്കാൻ പ്രതിപക്ഷം
ദില്ലി: ഗാന്ധിജയന്തി ദിനത്തിൽ രാജ്യ തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച് യുവജന സംഘടനകളുടെ സമരം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിന്നുള്ള ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് എത്തിയവരെ ജന്തർ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞു. എംപിമാർ അടക്കം നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. ദില്ലി പൊലീസ് വനിതാ പ്രവർത്തകരെ ഉപദ്രവിച്ചെന്നും പരാതിയുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷറുടെ രാജി ആവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രതിഷേധം ശക്തിപ്പെടുകയാണ്. ദില്ലി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്ന് വിവിധ യുവജന സംഘടനകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 11 മെട്രോസ്റ്റേഷനുകളും പ്രധാനപ്പെട്ട റോഡുകളും അടച്ചിട്ടും കേന്ദ്രസേനയെ അടക്കം വിന്യസിച്ചും രാവിലെ മുതൽ കനത്ത ജാഗ്രതയിലായിരുന്നു ദില്ലി. എഎപി യൂത്ത് വിങ്ങാണ് ആദ്യം സമരവുമായി എത്തിയത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയപ്പോൾ കാനിംഗ് ലൈനിൽനിന്നും ഡിവൈഎഫ്ഐയും എസ്എഫ്ഐയും മാർച്ച് തുടങ്ങി. കേരളത്തിൽനിന്നടക്കമുള്ള നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. ജന്തർ മന്തറിലേക്കുള്ള റോഡിൽ പൊലീസ് തടഞ്ഞപ്പോൾ സംഘർഷമായി. സമരം നയിച്ച സിപിഎം ജന സെക്രട്ടറി എംഎ ബേബിയെയും എംപിമാരടക്കം നേതാക്കളേയും പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. പലരെയും റോഡിൽ വലിച്ചിഴച്ചു. തുടർന്ന് എഐവൈഎഫ്, എംഎസ്എഫ്, ഐസ, എന്നീ സംഘടനകളും വിവിധ പൗരാവകാശ കൂട്ടായ്മകളും മാർച്ചായി എത്തി. മണിക്കൂറുകളോളം ജന്തർമന്തറിന് അടുത്തുള്ള പ്രദേശം സംഘർഷ ഭരിതമായി.
നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ അടുത്തൊന്നും ജന്തർ മന്തറിൽ സമരത്തിന് അനുമതിയില്ലെന്നാണ് പൊലീസ് നിലപാട്. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് ചൊവ്വാഴ്ച നടക്കാനിരിക്കെ ദില്ലി തുടർച്ചയായി സംഘർഷഭരിതമാകാനാണ് സാധ്യത. ഒറ്റയ്ക്കൊറ്റയ്ക്ക് യുവജനസംഘടനകൾ നടത്തിയ മാർച്ച് രണ്ടാം ജന്തർ മന്തർ സമരമെന്ന പ്രതീതി രാജ്യതലസ്ഥാനത്ത് സൃഷ്ടിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ യോജിച്ചുള്ള സമരം കൂടിയാകുമ്പോൾ സ്ഥിതി നിർണായകമാകും.
Post a Comment