ഷർട്ട് വാങ്ങി, കാറിലിരിക്കുന്ന ഭാര്യയെ കാണിക്കണമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
കണ്ണൂർ: കണ്ണൂർ ആലക്കോട് തുണിക്കടയിൽ നിന്ന് ഷർട്ട് വാങ്ങി പണം കൊടുക്കാതെ യുവാവ് മുങ്ങി. പുറത്തെ കാറിലിരിക്കുന്ന ഭാര്യയെ ഷർട്ട് കാണിക്കാനെന്ന് പറഞ്ഞാണ് ഇയാൾ കടയിൽനിന്ന് ഇറങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവാവിന്‍റെ ബന്ധുക്കളെത്തി പണം നൽകി. ആലക്കോടുള്ള ഓർമ്മ ഫാബ്രിക്സിലാണ് സംഭവം നടന്നത്. യുവാവ് ഗിഫ്റ്റ് കൊടുക്കാനായി രണ്ട് ഷർട്ടുകൾ വേണമെന്ന് ആവശ്യപ്പെട്ട് കടയിലേക്ക് എത്തുകയായിരുന്നു. ഷർട്ടുകൾ എടുത്ത ശേഷം ഭാര്യ തൊട്ടപ്പുറത്തായി കാറിൽ ഇരിക്കുന്നുണ്ടെന്നും ഭാര്യയെ കാണിച്ച ശേഷം എടുക്കാം എന്ന് ഉടമയോട് പറഞ്ഞ് കടയില്‍ നിന്ന് ഇറങ്ങുകയായിരുന്നു.
ഷർട്ട് കവറിൽ ഇട്ടു തരണമെന്നും ഇയാൾ ആവശ്യപ്പെട്ടു. കവറിൽ ഇട്ടു കൊടുത്ത ഉടൻ തന്നെ യുവാവ് അവിടെ നിന്നും കടന്നു കളയുകയായിരുന്നു, ഏറെ സമയം നോക്കിയിട്ടും ഇയാൾ തിരിച്ചുവന്നില്ല അങ്ങനെയാണ് സിസിടിവി വീഡിയോ ആലക്കോട് ഉള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഒക്കെ ഷെയർ ചെയ്തു കൊടുക്കുന്നത്. വീഡിയോ കണ്ട ഒരാൾ ഇയാളെ തിരിച്ചറിഞ്ഞു. പിന്നാലെ കടയുടമ ഇയാളുടെ വീട്ടിലേക്ക് പോകുകയും ഷർട്ടുമായി മുങ്ങിയ ആളുടെ അമ്മ പണം കൊടുക്കാം എന്ന് സമ്മതിക്കുകയുമായിരുന്നു.
Post a Comment