ജർമനിയിൽ പെൺകുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; കാറിന്റെ ഡിക്കിയിൽനിന്ന് റോബോട്ടിനെ പിടികൂടി പൊലീസ്
ബെർലിൻ: പെൺകുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം. ജർമനിയിലെ കൊളോൺ നഗരത്തിലെ ഒരു റസ്റ്ററന്റിന് പുറത്തുവെച്ചാണ് ഹ്യൂമനോയിഡ് റോബോട്ട് 16 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. റോബോട്ടിന്റെ ഉടമയും സുഹൃത്തും ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ ലൈവ് സ്ട്രീം നടത്തുകയുംചെയ്തു. സംഭവത്തിൽ രണ്ട് കൗമാരക്കാർക്കെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചു. റോബോട്ടിന്റെ ഉടമയായ 16-കാരനും ഇയാളുടെ സുഹൃത്തായ 19-കാരനും എതിരേയാണ് പൊലീസിന്റെ അന്വേഷണം.
ശനിയാഴ്ച രാത്രിയാണ് റസ്റ്ററന്റിന് പുറത്തുവെച്ച് 16-കാരിക്ക് നേരേ അതിക്രമമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന പെൺകുട്ടിക്ക് നേരേ നാലടിയോളം നീളവും മാർവൽ സൂപ്പർഹീറോയായ അയൺമാനിന്റെ സമാനമായ ഡിസൈനിലുള്ളതുമായ റോബോട്ട് നടന്നുവരികയായിരുന്നു. റോബോട്ടിനെ ആശ്ലേഷിക്കുന്നതിനിടെയാണ് പെൺകുട്ടിയെ റോബോട്ട് കയറിപ്പിടിച്ചത്. ശരീരത്തിൽ മോശമായരീതിയിൽ സ്പർശിക്കുകയും ചെയ്തു. ഇതോടെ പെൺകുട്ടി ബഹളംവെച്ച് പിന്നോട്ട് മാറി.
സംഭവത്തിന് പിന്നാലെ പെൺകുട്ടി പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു കാറിന്റെ ഡിക്കിയിൽനിന്നാണ് റോബോട്ടിനെ കണ്ടെത്തിയത്. റോബോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. റോബോട്ടിന്റെ ഉടമയുടെയും ഇയാളുടെ സുഹൃത്തിന്റെയും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Post a Comment