ആലപ്പുഴയിലെ 2 വയസുകാരന്റെ മരണം; കുട്ടികള്‍ക്ക് നല്‍കിയിരുന്ന സൗജന്യ അരി പിതാവ് ഹോട്ടലിന് മറിച്ചുവിറ്റതായി പഞ്ചായത്തംഗം
ആലപ്പുഴയില്‍ പോഷകാഹാര കുറവിനെ തുടർന്ന് രണ്ടുവയസുകാരൻ മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് രാജേഷിനെതിരെ ഗുരുതര ആരോപണവുമായി പഞ്ചായത്ത് അംഗം.
കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് ലഭിച്ചിരുന്ന അരി രാജേഷ് മറിച്ചുവിറ്റിരുന്നതായാണ് കാർത്തികപ്പള്ളി ഒൻപതാം വാർഡ് അംഗം വിനീതിന്റെ ആരോപണം.
കഴിഞ്ഞ മാസം ലഭിച്ച 20 കിലോ അരിയില്‍ വലിയൊരു പങ്ക് രാജേഷ് പ്രദേശത്തെ ഹോട്ടലിന് 500 രൂപയ്ക്ക് വിറ്റതായുള്ള വിവരം ലഭിച്ചിട്ടുണ്ട്. സംഭവം പുതിയ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.
രാജേഷ് കടുത്ത മദ്യപാനിയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസവും രാജേഷ് മദ്യപിച്ചിരുന്നതായാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ രാവിലെ 6.30ഓടെയാണ് കുഞ്ഞിനെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്.
അതേസമയം, രാഹുലിന് ജന്മനാ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പോഷകാഹാരക്കുറവ് കണ്ടെത്തിയിട്ടുണ്ടെന്നുമാണ് പിതാവ് രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. രാജേഷ് - താര ദമ്പതികളുടെ ആറാമത്തെ കുട്ടിയായിരുന്നു രാഹുല്‍.
ഞായറാഴ്‌ചയാണ് കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിക്ക് വിളർച്ചയും പോഷകാഹാരക്കുറവും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഈ പ്രായത്തില്‍ 12 കിലോഗ്രാം ഭാരം ഉണ്ടാകേണ്ട സ്ഥാനത്ത്, കുട്ടിയുടെ ഭാരം 7.6 കിലോഗ്രാം മാത്രമായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ കുട്ടിയുടെ പിതാവ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കാർത്തികപ്പള്ളിയിലാണ് താമസിക്കുന്നത്.
ദമ്പതികളുടെ മറ്റ് കുട്ടികളെ ശിശുക്ഷേമ സമിതി സംരക്ഷണയിലേക്ക് മാറ്റി. കുഞ്ഞുങ്ങള്‍ക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് അടുത്തിടെ ജനപ്രതിനിധികള്‍ ഇടപെട്ടിരുന്നു.
Post a Comment